
കോലഞ്ചേരി: നീണ്ട ഇടവേളയ്ക്കുശേഷം ഉള്ളി വില വീണ്ടും ഉയരുന്നു. നേരത്തെ സവാള വില ഉയർന്ന് കിലോയ്ക്ക് നൂറിലെത്തിയ സമാന രീതിയിലാണ് ഉള്ളിയുടെ കയറ്റം. ചെറിയ ഉള്ളി വില കിലോയ്ക്ക് 100 രൂപ കടന്നുകഴിഞ്ഞു. സവാളയ്ക്കും വില ഉയരുന്നുണ്ട്. കിലോയ്ക്ക് 25 രൂപയിൽ നിന്ന സവാള നിലവിൽ 35-40 വരെ ചില്ലറവില്പന വിലയിലെത്തി.
രണ്ട് ദിവസം കൂടിയാൽ മൂന്നാം ദിനം നേരിയ കുറവ് എന്ന നിലയിലാണ് സവാള വിലയുടെ പോക്ക്.പൂനെയിൽ നിന്ന് ഉള്ളി എത്തിക്കുന്നതിനാൽ കടത്തുകൂലി ഇനത്തിൽ വലിയതുക വ്യാപാരികൾക്ക് ചെലവാക്കേണ്ടിവരുന്നതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. തമിഴ്‌നാട്ടിൽ ഉള്ളിയുടെ ഉത്പാദനം കുറഞ്ഞതോടെയാണു വിലവർദ്ധനവുണ്ടായത്. ചെറിയ ഉള്ളിക്ക് 60-70 രൂപയായിരുന്നു കഴിഞ്ഞ ആഴ്ചയിലെ വില. എന്നാൽ, ഉത്പാദനക്കുറവിനൊപ്പം ഇന്ധനവില ഉയർന്നതോടെ വില 100 കടന്നു. അതേസമയം, വെളുത്തുള്ളി വിലയിൽ ഇതു വരെ വർദ്ധനയുണ്ടായിട്ടില്ല. പച്ചക്കറി വിലയിൽ കാര്യമായ മാറ്റമുണ്ടായില്ലെങ്കിലും മുരിങ്ങയ്ക്കക്ക് വില കൂടുകയാണ്. 40 രൂപയിൽ നിന്ന മുരിങ്ങയ്ക്ക വില ഇപ്പോൾ 100-120ൽ എത്തി. 80 രൂപയ്ക്കാണ് ബീൻസ് വില്ക്കുന്നത്. വരും ദിവസങ്ങളിലും വിലയിൽ വ്യത്യാസമുണ്ടാകുമെന്ന് മൊത്ത വ്യാപാരി കെ.എം. പരീക്കുട്ടി പറഞ്ഞു.