survey

കൊച്ചി: ഡിജിറ്റൽ റീസർവേ നടപടികൾ നവംബർ ഒന്നിന് ആരംഭിക്കാനിരിക്കെ ജനങ്ങളുടെ ആശങ്കകളും പരാതികളും പരിഹരിക്കാൻ നടപടികളുമായി റവന്യൂ വകുപ്പ്. സർവേ നടക്കുമ്പോഴും തൊട്ടടുത്ത ദിവസങ്ങളിലും ഒരു മാസത്തിനു ശേഷവും പരാതികൾ പരിശോധിക്കാനും പരിഹരിക്കാനുമുള്ള നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റവന്യൂ അധികൃതർ വ്യക്തമാക്കുന്നു. സർവേയ്ക്ക് മുൻപ് ഭൂവുടമകളും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും റവന്യൂ, സർവേ അധികൃതർ ഓർമ്മിപ്പിക്കുന്നു.

 ഭൂവുടമകൾ ചെയ്യേണ്ടത്
1. സർവേയ്ക്ക് ഉദ്യോഗസ്ഥർക്ക് അതിർത്തി കാണാനാകുംവിധം ക്രമീകരണമൊരുക്കണം

2. രേഖകൾ, പ്രമാണങ്ങൾ എന്നിവ തയാറാക്കി കൈവശം കരുതണം

3. സർവേ ദിവസം ഭൂവുടമ സ്ഥലത്തുണ്ടെങ്കിൽ നല്ലത്.

പരാതി പരിഹാരം
പരാതികളും ആക്ഷേപങ്ങളും പരിഹരിക്കാൻ രജിസ്ട്രാർ, താലൂക്ക്, വില്ലേജ് ഓഫീസുകളിൽ സംവിധാനംഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥലം അളന്നതുമായി ബന്ധപ്പെട്ട പരാതി അപ്പോൾ തന്നെ സർവേ ഉദ്യോഗസ്ഥനെ അറിയിക്കാം. അന്ന് സാധിച്ചില്ലെങ്കിൽ ഏത് റീസർവേ സൂപ്രണ്ട് ഓഫീസിനു കീഴിൽ നിന്നാണ് ഉദ്യോഗസ്ഥൻ വന്നതെന്ന് മനസിലാക്കി അവരെ ബന്ധപ്പെടാം. ജനപ്രതിനിധികൾ മുഖേനയും പരാതികൾ റവന്യൂ സർവേ ഉദ്യോഗസ്ഥരെ അറിയിക്കാം.

സർവേ പൂർത്തിയായാൽ
ഡിജിറ്റൽ റീ സർവേ പൂർത്തിയാകുന്ന മുറയ്ക്ക് വില്ലേജ് ഓഫീസിൽ സ്ഥലത്തിന്റെ സ്‌കെച്ച് പ്രദർശിപ്പിക്കും. ഇത് ഒന്നോ രണ്ടോ മാസം നീളും. സ്‌കെച്ച് പ്രദർശിപ്പിക്കുന്ന ദിവസങ്ങളിൽ ഉദ്യോഗസ്ഥരുമുണ്ടാകും. രേഖകളുമായി ചെന്ന് പരിശോധിക്കാം. പരാതിയോ ആക്ഷേപമോ സമർപ്പിക്കാം. ഇതിനുള്ള ഫോം വില്ലേജിൽ നിന്ന് ലഭിക്കും.

സ്‌കെച്ച് പ്രദർശിപ്പിക്കുന്ന തിയതി പത്രങ്ങൾ മുഖേനയും ഗസറ്റ് വിജ്ഞാപനത്തിലൂടെയും ജനങ്ങളെ അറിയിക്കും. സ്‌കെച്ച് പ്രദർശനം പൂർത്തിയായാൽ പരാതിയുള്ള സ്ഥലങ്ങളിൽ മാത്രം വീണ്ടും സർവേ നടത്തും.

വീണ്ടും അളക്കുമ്പോൾ തത്‌സ്ഥിതി തുടർന്നാൽ അതായിരിക്കും അന്തിമം. വ്യത്യാസമുണ്ടെങ്കിൽ അത് അന്തിമമായെടുക്കും. (ഉദാഹരണം: ഒരു വ്യക്തിക്ക് 13.5 സെന്റ് സ്ഥലം. സർവേയിൽ അത് 13 ആയി കാണപ്പെട്ടു. വ്യക്തി പരാതിപ്പെടുന്നു. വീണ്ടും സർവേ. അളവ് 13ൽ കൂടുതലായി കാണുന്നെങ്കിൽ അത് അന്തിമമാകും, കുറവെങ്കിൽ അതാകും അന്തിമം)

നടപ്പാക്കൽ..
പരാതികൾ പരിഹരിച്ചു കഴിഞ്ഞാൽ ജില്ലാ കളക്ടർ തേർട്ടീൻ (13) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. പരാതികൾ പരിഹരിച്ച് വില്ലേജിലെ റീസർവേ നടപടികൾ പൂർത്തീകരിച്ച്, മുഴുവൻ രേഖകളും റവന്യൂ വകുപ്പിന് കൈമാറുന്നു എന്നതാണ് 13 നോട്ടിഫിക്കേഷൻ.

13നോട്ടിഫിക്കേഷന്റെയും സ്‌കെച്ചിന്റെയും ബി.ടി.ആറിന്റെയും ഏരിയാ രജിസ്റ്ററിന്റെയും പകർപ്പുകൾ യഥാക്രമം രജിസ്ട്രാർ-താലൂക്ക്-വില്ലേജ് ഓഫീസുകളിലേക്ക് കൈമാറും. ഇതോടെ വില്ലേജിലെ റീസർവേ നടപടികൾ പൂർത്തിയാകും.

പൂർത്തിയായാലും ആക്ഷേപം ഉന്നയിക്കാം
സർവേ പൂർത്തിയായാലും പരാതികളും ആക്ഷേപങ്ങളും ഉന്നയിക്കാൻ അവസരമുണ്ട്. വിദേശത്തുള്ളവർക്കും, അടിയന്തര ആവശ്യങ്ങളിൽ പെട്ടുപോയവർക്കുമാണ് അതിന് അവസരം. ഇങ്ങനെയുള്ളവർക്ക് താലൂക്ക് ഓഫീസിൽ പരാതി നൽകാം. ഈ പരാതിയിന്മേൽ പിന്നീട് നടപടിയെടുക്കുക തഹസിൽദാർ ആയിരിക്കും.