pokkali-01-

പറവൂർ: കടമക്കുടി കോരാമ്പാടം സർവീസ് സഹകരണ ബാങ്കും കടമക്കുടി പഞ്ചായത്തും സംയുക്തമായി നടത്തിയ പൊക്കാളി നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവവും ഭക്ഷ്യമേളയും 21 മുതൽ 24 വരെ നടക്കും. പുരാതന കാർഷിക മത്സ്യബന്ധനോപകരണങ്ങളുടെ പ്രദർശനം, പൊക്കാളി കൃഷി രീതിയും നെല്ലിന്റെ ഗുണങ്ങളും വിശദീകരിക്കുന്ന ഡോക്യുമെന്ററി പ്രദർശനം, കറ്റമെതിക്കൽ, പതിരുതിരിക്കൽ, പൊക്കാളി അരിയുടെയും മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെയും വിപണനം എന്നിവയുമുണ്ടാകും. വിളവെടുപ്പ് ഉത്സവവും ഭക്ഷ്യമേളയും നാളെ വൈകിട്ട് നാലിന് കൊച്ചി മെയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് ഹരോൾഡ് നിക്കോൾസൻ അദ്ധ്യക്ഷത വഹിക്കും. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എ.എ മുഖ്യാതിത്ഥിയാകും. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് മുഖ്യപ്രഭാഷണം നടത്തും. 24വരെ വൈകിട്ട് നാല് മുതൽ രാത്രി എട്ട് വരെ ആഘോഷപരിപാടികൾ നടക്കും. 24ന് വൈകിട്ട് സമാപനസമ്മേളനം ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും.

200 ഹെക്ടറോളം പൊക്കാളി കൃഷിയുള്ള പഞ്ചായത്തിൽ 100 ഏക്കറിലാണ് കോരാമ്പാടം ബാങ്കിന്റെ നേതൃത്വത്തിൽ കൃഷിയിറക്കിയിട്ടുള്ളത്. ഏറെ വെല്ലുവിളികൾ നേരിട്ടിരുന്ന ഈ മേഖലയിൽ കഴിഞ്ഞ ഏഴ് വർഷത്തോളമായി കർഷകർക്ക് പ്രോത്സാഹനമായി കോരാമ്പാടം സർവീസ് സഹകരണ ബാങ്ക് സജീവമായി രംഗത്തുണ്ട്. 'ഗ്രാമിക' എന്ന പേരിൽ പൊക്കാളി അരിയും മറ്റ് ഉത്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നുണ്ട്. കൊയ്ത്തിലും കതിരു മെതിക്കുന്നതിലും കാറ്റുപിടിക്കുന്നതിലും പങ്കെടുക്കാനും അവസരമുണ്ടാകുമെന്ന് ബാങ്ക് പ്രസിഡന്റ് ഹരോൾഡ് നിക്കോൾസൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി.എസ്. സുനിൽ, പി.വി. സന്തോഷ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.