കുറുപ്പംപടി: ടാങ്കർ ലോറിയിലെ കുടിവെള്ള വിതരണത്തിനായി യാതൊന്നും ചെയ്തില്ലെന്ന് കാട്ടി കോൺഗ്രസ് സമരം നടത്തിയത് എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുണ്ടാക്കിയ നാണക്കേട് മറക്കാനെന്ന് രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ. പി. അജയകുമാർ ആരോപിച്ചു. കള്ളം പ്രചരിപ്പിച്ചായിരുന്നു സമരം. സാധാരണ ഡിസംബർ മുതലാണ് ഗ്രാമപഞ്ചായത്തിൽ ടാങ്കറിൽ കുടിവെള്ളവിതരണം നടത്തുക. ഈ വർഷം ടാങ്കറിൽ ജല വിതരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഈ മാസം പകുതിയോടെ തന്നെ പൂർത്തിയാക്കി. പ്രവർത്തന സജ്ജമായ തെരുവുവിളക്കുകളുള്ള വാർഡ് അംഗങ്ങളാണ് സ്ട്രീറ്റ് ലൈറ്റ് തകരാറിലായെന്ന് ആരോപിച്ച് രംഗത്തുവന്നതെന്നും എൻ.പി. അജയകുമാർ പറഞ്ഞു. തെരുവുവിളക്കുകൾക്കായി ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.