
കൊച്ചി: കൊവിഡിനുശേഷം ആദ്യമായി നടക്കുന്ന റവന്യൂജില്ലാ ശാസ്ത്രോത്സവത്തിന് മൂവാറ്റുപുഴയിൽ തിരക്കിട്ട ഒരുക്കങ്ങൾ. നവംബർ ഒന്ന് മുതൽ മൂന്ന് വരെ നടക്കുന്ന മേളയ്ക്ക്
നഗരത്തിലെ അഞ്ച് സ്‌കൂളുകളാണ് വേദിയൊരുക്കുന്നത്. ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്ര മേള, ഐ.ടി മേള, വൊക്കേഷണൽ എക്‌സ്‌പോ എന്നിവ അരങ്ങേറും. നവംബർ ഒന്നിന് രജിസ്‌ട്രേഷനും രണ്ട്, മൂന്ന് തിയതികളിൽ മത്സരങ്ങളും പ്രദർശനവും നടക്കും.
പ്രധാന വേദിയായ നിർമ്മല ഹയർ സെക്കൻഡറി സ്‌കൂളിലാണ് ശാസ്ത്രമേളയും ഉദ്ഘാടന, സമാപന സമ്മേളനങ്ങളും. ഗണിത ശാസ്ത്രമേളയ്ക്ക് എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളും സാമൂഹ്യ ശാസ്ത്ര മേള, ഐ.ടി മേള എന്നിവയ്ക്ക് സെന്റ് അഗസ്റ്റിൻ ഗേൾസ് ഹൈസ്‌കൂളുമാണ് വേദി. പ്രവൃത്തിപരിചയ മേളയ്ക്ക് മോഡൽ ഹയർ സെക്കഡറി സ്‌കൂളും വൊക്കേഷണൽ എക്‌സ്‌പോയ്ക്ക് തർബിയത്ത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളും ആതിഥേയത്വം വഹിക്കും. തർബിയത്തിലും മോഡൽ ഹയർ സെക്കൻഡറി സ്കൂളിലും മാത്രമാണ് പന്തലുകൾ നിർമ്മിക്കുക. ഇതിനുള്ള ജോലികൾ ഉടനെ തുടങ്ങും. ശനിയാഴ്ച അവലോകന യോഗവും ചേരും.
>> ലോഗോ ക്ഷണിച്ചു
ജില്ലാ ശാസ്‌ത്രോത്സവ ലോഗോ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് തയ്യാറാക്കാം. 21ന് മുമ്പ് ddeekm@gmail.com എന്ന മെയിലിൽ അയയ്ക്കണം. സബ്ജക്ട് ലൈനിൽ 'റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം ലോഗോ' എന്ന് രേഖപ്പെടുത്തണം. തിരഞ്ഞടുത്ത ലോഗോയ്ക്ക് പുരസ്കാരം നൽകും.
>> ഉത്പന്ന പ്രദർശനം
കോട്ടയം, എറണാകുളം ജില്ലകളിലെ 65 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ വിദ്യാർത്ഥികൾ പഠനത്തിന്റെ ഭാഗമായി നിർമ്മിച്ച വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഒരുക്കുന്നുണ്ട്.