kuzhi

കോലഞ്ചേരി: കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലെ അപകടക്കുഴികൾ സേവാഭാരതി പൂത്തൃക്ക പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ അടച്ചു. കുഴികൾ കൂടിയിട്ടും ദേശീയപാത അധികൃതർ തിരിഞ്ഞുനോക്കാതെ വന്നപ്പോഴാണ് സേവാഭാരതി പ്രവർത്തകർ ടാർ മിശ്രിതം നിറച്ച് പാത സഞ്ചാരയോഗ്യമാക്കിയത്. പുത്തൻകുരിശ് മുതൽ കോലഞ്ചേരി വരെയുള്ള അപകടക്കുഴികളാണ് അടച്ചത്. ഏ​റ്റവും കൂടുതൽ അപകടമുണ്ടാക്കിയിരുന്ന പുതുപ്പനം ഗ്യാസ് പമ്പിന് മുന്നിലെ കുഴികളിലാണ് പുത്തൻകുരിശ് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഗതാഗതം നിയന്ത്രിച്ച് ആദ്യം ടാർ മിശ്രിതം നിറച്ചത്. കുഴിയടയ്ക്കലിന് നാട്ടുകാരും പിന്തുണ നൽകി. പുതുപ്പനത്തുള്ള ടാർ മിക്‌സിംഗ് പ്ലാന്റിന്റെ സഹകരണത്തോടെയായിരുന്നു പ്രവർത്തനം. ആർ.എസ്.എസ് ജില്ലാ കാര്യവാഹക് കെ.സി. ബിജുമോൻ, താലൂക്ക് കാര്യവാഹക് ഷിനീഷ് രാമകൃഷ്ണൻ, ഹിന്ദു ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ശശികുമാർ, ബി.ജെ.പി മണ്ഡലം സെക്രട്ടറി ഷിജു കിങ്ങിണിമ​റ്റം, പഞ്ചായത്ത് സെക്രട്ടറി രാജേഷ് ചന്ദ്രൻ, സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് മണി പി. കൃഷ്ണൻ, സെക്രട്ടറി പി.എ. സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.