50 രാജ്യങ്ങൾ, 1,000 പ്രതിനിധികൾ
ജി 20 രാജ്യങ്ങളുമായി ബന്ധം ശക്തമാക്കും
കൊച്ചി: സുഗന്ധവ്യഞ്ജന വ്യാപാര, വാണിജ്യ മേഖലയിലെ ഏറ്റവും വലിയ കൂടിച്ചേരലായ ലോക സുഗന്ധവ്യഞ്ജന കോൺഗ്രസ് 2023 ഫെബ്രുവരി 16 മുതൽ 18 വരെ മുംബയിൽ നടക്കും. നവിമുംബയിലെ സിഡ്‌കോ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ 50 രാജ്യങ്ങളിൽ നിന്ന് ആയിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കും.
സുഗന്ധവ്യഞ്ജന വാണിജ്യ മേഖലയുടെയും കയറ്റുമതിക്കാരുടെയും സഹകരണത്തോടെ സ്‌പൈസസ് ബോർഡാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വേൾഡ് സ്‌പൈസസ് കോൺഗ്രസിന്റെ 14 ാം പതിപ്പാണ് മുംബയിൽ സംഘടിപ്പിക്കുന്നത്.
സുഗന്ധവ്യഞ്ജന മേഖല നേരിടുന്ന പ്രശ്‌നങ്ങളും ഭാവിസാദ്ധ്യതകളും സമ്മേളനം ചർച്ച ചെയ്യും. ഉത്പാദനം, സംസ്‌കരണം, മൂല്യവർദ്ധന, ഗുണനിലവാരം, സുരക്ഷ, വ്യാപാരം, വിതരണ ശൃംഖല എന്നിവ സമകാലിക സാഹചര്യങ്ങളിൽ വിലയിരുത്തും. ജി 20 രാജ്യങ്ങളിൽ നിന്നുൾപ്പെടെ കയറ്റുമതി ഇറക്കുമതി വ്യാപാരികളും സർക്കാർ അധികാരികളും പങ്കെടുക്കും. ഇന്ത്യൻ സുഗന്ധ വ്യഞ്ജന മേഖലയുമായി ബന്ധപ്പെട്ട് പ്രത്യേക ചർച്ചകളും നടക്കും. 1990 മുതലാണ് രണ്ടു വർഷത്തെ ഇടവേളയിൽ സ്‌പൈസസ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്.
വിഷൻ 2030
വിഷൻ സ്‌പൈസസ് 2030 എന്നതാണ് സമ്മേളനത്തിന്റെ സന്ദേശം. സുസ്ഥിരത, ഉദ്പാദനക്ഷമത, നവീനത, സഹകരണം, മികവ്, സുരക്ഷ എന്നിവയാണ് സ്‌പൈസസ് എന്ന ചുരുക്കപ്പേരിൽ സൂചിപ്പിക്കുന്നത്.
ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുമായി ബന്ധപ്പെട്ട പ്രദർശനവും സമ്മേളനത്തിൽ ഒരുക്കും. രാജ്യത്തെ വിളകളുടെ കരുത്തും ശേഷിയും ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവും ഔഷധ, ആരോഗ്യമേഖലകളിലെ സാദ്ധ്യതകളും ആധുനിക സങ്കേതികവിദ്യകളും പ്രദർശനത്തിൽ അണിനിരത്തും.
.....................................
ജി 20 രാജ്യങ്ങളുമായി വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് സമ്മേളനം കൂടുതൽ മുൻഗണ നൽകും. ജി 20 ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങളിലെ വാണിജ്യ മന്ത്രാലയങ്ങളുടെയും സംഘടനകളുടെയും ഉന്നത ഉദ്യോഗസ്ഥർ സമ്മേളനത്തിൽ പങ്കെടുക്കും.
ഡി. സത്യൻ, സെക്രട്ടറി
സ്‌പൈസസ് ബോർഡ്