
ആലുവ: വൈദ്യുതി ലൈൻ ഓഫാക്കിയാൽ ട്രെയിൻ ഗതാഗതം താറുമാറാകും. ഓഫാക്കിയില്ലെങ്കിൽ ഒന്നും മൂന്നും പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിച്ചുള്ള മേൽപ്പാലം നിർമ്മാണം നടക്കില്ല. ആലുവ റെയിൽവേ സ്റ്റേഷനിലെ വികസന പദ്ധതി വൈദ്യുതി ലൈൻ ഓഫാക്കലിലെ ആശക്കുഴപ്പത്തിൽ കുരുങ്ങി നീണ്ടുപോകുന്നു. മേൽപ്പാലത്തിനായി ഇരുമ്പ് തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്. മേൽക്കൂരയുടെ പ്ളാറ്റ് ഫോം സ്ഥാപിക്കുകയാണ് അടുത്ത ഘട്ടം. ഇതിനാണ് വൈദ്യുതി ഓഫാക്കേണ്ടത്. ഇതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് കരാറുകാർ. ഒന്നര മാസം മുമ്പ് കരാറുകാർ കമ്മിഷണർ
ഒഫ് റെയിൽവേ സേഫ്ടി മുമ്പാകെ വൈദ്യുതി ലൈൻ ഓഫാക്കുന്നതിന് അനുമതി തേടി കത്ത് നൽകിയിരുന്നു. എന്നാൽ ആരും തിരുഞ്ഞുപോലും നോക്കിയില്ല. ഇതിന് പിന്നാലെ നിർമ്മാണം നിലച്ചു. റെയിൽവേ സ്റ്റേഷനിൽ നിലവിൽ വടക്കുവശത്ത് ഒരു മേൽപ്പാലവും ലിഫ്റ്റ് സൗകര്യവുമുണ്ട്. ഇതിന്റെ ഇരട്ടി വീതിയുള്ള മേൽപ്പാലമാണ് പണിയുന്നത്. പാലം നിർമ്മാണത്തിന് പിന്നാലെ തെക്ക് വശവും ലിഫ്റ്റ്, എസ്കലേറ്റർ സൗകര്യവുമൊരുക്കും. രണ്ട് വർഷം മുമ്പാണ് മേൽപ്പാലം നിർമ്മാണം ആരംഭിച്ചത്. ഇതിനിടെ രണ്ട് കരാറുകാർ പദ്ധതി പേക്ഷിച്ച് പോയി. ആറ് മാസം മുമ്പാണ് ഉത്തരേന്ത്യക്കാരായ മൂന്നാമത്തെ കരാറുകാരെത്തിയത്.
• വേണം ഒരുദിവസം
ഇരുമ്പ് നിർമ്മിത പ്ളാറ്റ് ഫോം ക്രെെൻ ഉപയോഗിച്ച് മാത്രമേ സ്ഥാപിക്കാനാകൂ. ഇലട്രിക്ക് ട്രെയിനുകൾക്കായി റെയിൽവേ പാളത്തിന് മുകളിലുള്ള വൈദ്യുതി ചുരുങ്ങിയത് ഒരു ദിവസമെങ്കിലും ഓഫാക്കണം. ഇത് ട്രെയിൻ സർവീസിനെ ബാധിക്കും. ട്രെയിനുകൾ കുറവുള്ള ദിവസം കൂടി പരിശോധിച്ച് വൈദ്യുതി ഓഫാക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം. ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി, സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ ആലുവയിൽ ഇന്ധനത്തിൽ സർവീസ് നടത്താനുള്ള ക്രമീകരണം ഒരുക്കണമെന്നാണ് യാത്രക്കാരുടെ നിർദ്ദേശം.
• വെയിലും മഴയുമേറ്റ്
സ്റ്റേഷനിലെ രണ്ട് പ്ളാറ്റ് ഫോമുകളിലും ആവശ്യത്തിന് മേൽകൂരയില്ല. മഴയും വെയിലുമേൽക്കാതിരിക്കാൻ മേൽക്കൂരയുള്ള ഭാഗത്തെ ആശ്രയിക്കണം.
ട്രെയിൻ വരുമ്പോൾ ഇവിടെ നിന്ന് ഓടി കംപ്പാർട്ടുമെന്റിൽ കയകയാണ് യാത്രക്കാർ ചെയ്യുന്നത്.
കാത്തിരിപ്പാണ്
സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ ആലുവയിൽ രണ്ടും മൂന്നും പ്ളാറ്റ് ഫോമുകളിൽ പൂർണമായി മേൽക്കൂര നിർമ്മിക്കണമെന്ന ആവശ്യം ശക്തം. രണ്ടാഴ്ച്ച മുമ്പ് ഡി.ആർ.എം ആലുവ സന്ദർശിച്ചപ്പോഴും സ്റ്റേഷൻ അധികൃതർ ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ചിരുന്നു. അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.