sabari

കൊച്ചി: ശബരിമല മേൽശാന്തി നിയമനത്തിൽ ബ്രാഹ്മണ, അബ്രാഹ്മണ വേർതിരിവില്ലാതെ യോഗ്യതയാണ് മാനദണ്ഡമാക്കേണ്ടതെന്ന് ഹൈക്കോടതിയിൽ ഭരണഘടനാ വിദഗ്ദ്ധനും നാഷണൽ ജുഡിഷ്യൽ അക്കാഡമി മുൻ ഡയറക്ടറുമായ ഡോ. ജി. മോഹൻ ഗോപാൽ വാദിച്ചു.

മലയാള ബ്രാഹ്മണരെ മാത്രം പരിഗണിക്കുന്ന ദേവസ്വം ബോർഡ് കീഴ്‌വഴക്കം പരിഷ്‌കൃത വ്യവസ്ഥിതിക്കു യോജിച്ചതല്ല. ജാതി​ മേധാവി​ത്വം അംഗീകരി​ക്കലും ചാതുർവർണ്യത്തി​ലേക്കുള്ള മടങ്ങി​പ്പോക്കുമാണിത്. ഇത് മതാചാരമല്ല, ദുരാചാരമാണ്. പ്രത്യേക സമുദായത്തിനുള്ള മേൽക്കോയ്മ തുടരുന്നത് ഭരണഘടനാവിരുദ്ധവും അഴിമതിക്കു വഴിയൊരുക്കുന്നതുമാണ്. ഏതെങ്കിലുമൊരു വ്യക്തി കീഴ് വഴക്കത്തിന്റെ പേരിൽ തീരുമാനമെടുക്കുന്നത് അവസാനിപ്പിച്ച് ഭരണഘടനാപരമായ മാനദണ്ഡങ്ങളാണ് ഉറപ്പു വരുത്തേണ്ടതെന്നും അദ്ദേഹം വാദിച്ചു. ഹർജിക്കാരനായ ടി.എൽ. സിജിത്തിനു വേണ്ടിയാണ് മോഹൻ ഗോപാൽ ഹാജരായത്. ഡിസംബർ മൂന്നിന് ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തി ഹർജിയിൽ വാദം കേൾക്കും.
ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തി നിയമനങ്ങൾക്ക് മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനത്തിനെതിരെ കോട്ടയം മൂലവട്ടം സ്വദേശി സി. വിഷ്ണു നാരായണൻ

അടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്.മലയാള ബ്രാഹ്മണനെന്നതൊഴികെ യോഗ്യതകളെല്ലാമുള്ളയാളാണ് ഇദ്ദേഹം. ബി​രുദാനന്തര ബി​രുദധാരി​യുമാണ്. ഏറ്റുമാനൂർ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം, കുറ്റിക്കാട് ദേവീക്ഷേത്രം, മൂലമറ്റം സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായിരുന്നു. വി​ഷ്ണുവി​ന്റെ അപേക്ഷ പരി​ഗണി​ച്ചെങ്കി​ലും ജാതി​യുടെ പേരി​ൽ അഭി​മുഖത്തി​ൽ പങ്കെടുപ്പി​ച്ചി​ല്ല. പി​ന്നീട് നി​രസി​ക്കുകയും ചെയ്തു.

ജാതി​യുടെ പേരി​ൽ അപേക്ഷ നി​രസി​ക്കപ്പെട്ട ആറ് പേർ കൂടി​ കേസി​ൽ കക്ഷി​ ചേർന്നി​ട്ടുണ്ട്. വി​ഷ്ണുവി​ന് വേണ്ടി​ വി​.ജി​. ഹരീന്ദ്രനാഥും, മറ്റുള്ളവർക്ക് വേണ്ടി​ ടി​.ആർ. രാജേഷും ഹാജരായി​.