വൈപ്പിൻ: കൊച്ചി മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പ്രവർത്തനം സുസജ്ജമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ഗതാഗത നിവേദനം നൽകി. 2020ലാണ് കേരള മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിട്ടി ആക്ടിലൂടെ കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിട്ടി നിലവിൽ വന്നത്. എന്നാൽ നാളിതുവരെയായി പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇക്കാര്യം നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചി കോർപ്പറേഷന് പുറമെ ജി.സി.ഡി.എ.യുടെയും ജിഡയുടെയും അധികാരപരിധിയിലുള്ള മേഖലകളെക്കൂടി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ കീഴിൽ ഉൾപ്പെടുത്തി വിജ്ഞാപനം തയ്യാറാക്കിയെങ്കിലും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കെ.എം.ആർ. എല്ലിന് കീഴിലെ യു.എം.ടി. എ. കൊച്ചിയുടെ പ്രവർത്തനം അതോറിട്ടിൽ ലയിപ്പിക്കുന്നതിനു പ്രഥമ യോഗത്തിൽ തീരുമാനിച്ചെങ്കിലും ഇക്കാര്യത്തിലും ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും കെ. എൻ. ഉണ്ണിക്കൃഷ്ണൻ ചൂണ്ടിക്കാട്ടി.