ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ അനിശ്ചിതാവസ്ഥയിലായ വിവിധ പദ്ധതികളെ സംബന്ധിച്ച് ചർച്ച ചെയ്യാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന ആവശ്യം ജില്ലാ കളക്ടർ നിരാകരിച്ചതിനെതിരെ അൻവർ സാദത്ത് എം.എൽ.എ. റവന്യു മന്ത്രിക്ക് രേഖാമൂലം പരാതി നൽകി. ഇക്കാര്യം ഫോണിൽ മന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു. കത്ത് നല്കി മൂന്നാഴ്ചയായിട്ടും യോഗം വിളിക്കാത്താത്തത് കളക്ടരുടെ അലംഭാവമാണെന്നും കളക്ടറുടെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നെന്നും എം.എൽ.എ മന്ത്രി കെ. രാജനെ ഫോണിൽ വിളിച്ചറിയിച്ചു. അലംഭാവം വെടിഞ്ഞ് കളക്ടർ ജനക്ഷേമ കാര്യങ്ങളിൽ ഇടപെടാൻ യോഗങ്ങൾ വിളിച്ചു ചേർക്കാൻ നിർദ്ദേശം നല്കണമെന്നു എം.എൽ.എ മന്ത്രിയോട് ആവശ്യപ്പെട്ടു. പി.ഡബ്ലു.ഡി, സിയാൽ, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടാണ് എം.എൽ.എ കളക്ടർക്ക് കത്ത് നല്കിയിരുന്നത്. എൻ.എ.ഡി മുതൽ മഹിളാലയം പാലം വരെയുള്ള ഭാഗം സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കൽ, പുറയാർ ആർ.ഒ.ബി സ്ഥലമേറ്റെടുത്ത് നിർമ്മിക്കൽ,​ കാഞ്ഞൂർ പഞ്ചായത്തിൽ എയർപോർട്ടിന് സമീപത്തുക്കുടി പോകുന്ന ഹെർബെർട്ട് റോഡിൽ കോസ്റ്റ് ഗാർഡ് ഓഫീസിന്റെ മുൻഭാഗം മണ്ണിടിഞ്ഞത് പുനരുദ്ധരിക്കൽ എന്നിവയുടെ പുരോഗതി വിലയിരുത്തുന്നതിനാണ് യോഗം.