തൃക്കാക്കര: നിരീക്ഷണ കാമറയെച്ചൊല്ലി ഇന്നലെ നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ ഉടലെടുത്ത വാക്കേറ്റം കൈയ്യാങ്കളിയിൽ കലാശിച്ചു. കളക്ടറുടെ നിർദേശത്തെ തുടർന്ന് അത്താണി കുടുംബങ്ങൾക്ക് വാടകകുടിശിക നൽകുന്ന വിഷയം ചർച്ചചെയ്യാൻ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് വാക്കുതർക്കവും കയ്യാങ്കളിയിലും കലാശിച്ചത്.

റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടി പിഴയീടാക്കാനാണ് 70 ലക്ഷം രൂപ മുടക്കി നഗരസഭ കാമറകൾ സ്ഥാപിച്ചത്. മാലിന്യം വലിച്ചെറിയാനെത്തുന്നവരുടെ വണ്ടി നമ്പരുകൾ തന്റെ വാർഡിൽ സ്ഥാപിച്ച കാമറയിൽ പതിയുന്നില്ലെന്നും കാമറക്ക് മുടക്കിയ പണത്തിന്റെ ഗുണമേന്മയില്ലന്നും ജോസ് കളത്തിൽ പറഞ്ഞു. അതിന് പിന്തുണയുമായി പ്രതിപക്ഷ കൗൺസിലർ ജിജോ ചിങ്ങംതറ രംഗത്തെത്തി. എന്നാൽ ആരോപണം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ റാഷിദ് റാഷിദ് ഉളളംപിള്ളി തള്ളിക്കള‌ഞ്ഞു. കാമറയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ ഇതേച്ചൊല്ലി തർക്കം രൂക്ഷമാകുകയായിരുന്നു. കൗൺസിൽ യോഗത്തിനുശേഷവും ഇക്കാര്യം പറഞ്ഞ് അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നാണ് ജോസ് കളത്തിലിന് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് ഉള്ളംപിള്ളിയുടെ മർദ്ദനമേറ്റത്. നഗരസഭാ വൈസ് ചെയർമാന്റെ കാബിനിൽ ഒത്തുതീർപ്പ് ചർച്ചയ്ക്ക് വിളിച്ചപ്പോഴും ഇരുകൂട്ടരും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നു. മർദ്ദനത്തിൽ പ്രതിഷേധിച്ച് എ ഗ്രൂപ്പ് കൗൺസിലർമാർ നഗരസഭാ ചെയർപേഴ്സനെ കണ്ടു പരാതി പറഞ്ഞു. പാർട്ടി സംസ്ഥാന കമ്മിറ്റിക്കും ജില്ലാ നേതൃത്വത്തിനും പരാതി നൽകുമെന്ന് എ ഗ്രൂപ്പ് നേതാക്കൾ അറിയിച്ചു.