കുറുപ്പംപടി: പെരുമ്പാവൂർ ഉപജില്ലയിലെ പ്രധാന സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിൽ. നാല് മാസമായി സർക്കാർ ഫണ്ട് മുടങ്ങിയതാണ് തിരിച്ചടിയായിരിക്കുന്നത്. പി.ടി.എ ഭാരവാഹികളും അദ്ധ്യാപകരും സ്വന്തം കൈയിൽ നിന്ന് പണമെടുത്താണ് പല സ്കൂളുകളിലും ഉച്ചഭക്ഷണമൊരുക്കുന്നത്. എത്രദിവസം ഇങ്ങനെ മുന്നോട്ടു പോകുമെന്ന ആശങ്കയിലാണ് പി.ടി.എ ഭാരവാഹികൾ.

മുടക്കുഴ യു.പി,​ പട്ടം എൽ.പി,​ തുരുത്തി യു.പി,​ അഗനാട് യു.പി,​ വായിക്കര യു.പി,​ ഡയറ്റ് കുറുപ്പംപടി,​ പുല്ലുവഴി എൽ.പി,​ അശമന്നൂർ യു.പി എന്നീ സ്കൂളുകളിലാണ് ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലായിരിക്കുന്നത്. ഉപജില്ലയിലെ മറ്റ് പല സ്കൂളുകളിലും സാമാന പ്രതിസന്ധിയുണ്ടെങ്കിലും ഇവർ ഇക്കാര്യം പുറത്തുപറഞ്ഞിട്ടില്ല. നിലവിലെ സ്ഥിതി തുട‌ർന്നാൽ ഉച്ചഭക്ഷണ പദ്ധതി നിലച്ചുപോകുമെന്ന് പി.ടി.എ ഭാരവാഹികളുടെ ആശങ്ക. പാചക തൊഴിലാളികൾക്കും പണിക്കൂലി കിട്ടിയിട്ട് മാസങ്ങളായി. അടിയിന്തിരമായി സ്കുളുകൾക്ക് പണം അനുവദിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

•പ്രമേയം പാസാക്കി

ഉച്ചഭക്ഷണ പദ്ധതിക്കായുള്ള ഫണ്ട് ഉടൻ കൈമാറണമെന്ന് മുടക്കുഴ പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു. പ്രസിഡന്റ് പി.പി. അവറാച്ചൻ , വൈസ് പ്രസിഡന്റ് റോഷ്നി എൽദോ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോസ്.എ.പോൾ , കെ.ജെ. മാത്യു, പഞ്ചായത്തംഗങ്ങളായ ബിന്ദു, വിപിൻ, സോമി, അനാമിക, ഡോളി , നിഷ, രജിത, ബി ആർ സി അദ്ധ്യാപകരായ ആരിഫ, ജോൺ എന്നിവർ പ്രസംഗിച്ചു.

• സ്കൂളിലെ ഭക്ഷണം

ഉച്ചയ്ക്ക് ചോറും രണ്ട് തരം കറി

ആഴ്ചയിൽ രണ്ട്തവണ പാൽ

ആഴ്ചയിൽ ഒരുദിവസം മുട്ട

• ആദ്യം സംസ്ഥാന സർക്കാർ

150 കുട്ടികളുള്ള സ്കൂളിൽ ഒരു വിദ്യാർത്ഥിക്ക് എട്ട് രൂപ നിരക്കിലാണ് ഫണ്ട് നൽകുന്നത്. 150 മുതൽ 500 വരെ കുട്ടികളുള്ള സ്കൂളിൽ ഏഴും, 500 മുകളിൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ ആറും രൂപയാണ് നൽകുന്നത്. 40 ശതനമാനമാണ് സംസ്ഥാന വിഹിതം. ശേഷിക്കുന്നത് കേന്ദ്രസർക്കാരിന്റെയും. സംസ്ഥാന സർക്കാർ തുക നൽകിയാലേ കേന്ദ്രസർക്കാർ ഫണ്ട് കൈമാറൂ.