
അങ്കമാലി: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി അങ്കമാലി ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഏരിയയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ഇൻഫർമേഷൻഓഫീസും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി നടന്ന ലഹരി വിരുദ്ധ റാലി റോജി.എം. ജോൺ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ലഹരി ഉപയോഗം ഒഴിവാക്കു ജീവിതത്തെ സംരക്ഷിക്കു എന്ന സന്ദേശമുയർത്തി നടന്ന റാലി അങ്കമാലി ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഏരിയയിൽ നിന്ന് ആരംഭിച്ച്അങ്കമാലി ടെൽക്ക് പരിസരം കടന്ന് തിരികെയെത്തി. വിവിധ വ്യവസായസ്ഥാപനങ്ങളിൽ നിന്നായി നൂറിലധികം അന്യസംസ്ഥാന തൊഴിലാളികൾ പങ്കെടുത്തു. ചടങ്ങിൽ അങ്കമാലി മുനിസിപ്പൽ ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ ഡി. സുരേഷ് കുമാർ, ജില്ലാ ലേബർ ഓഫീസർ പി.ജി. വിനോദ് കുമാർ,അസിസ്റ്റന്റ് ലേബർ ഓഫീസർ ടി. കെ. നാസർ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ശ്യാം മോഹൻ,അങ്കമാലിഇൻഡസ്ട്രിയലിസ്റ്റ് അസോസിയേഷൻ സെക്രട്ടറി പി. കെ സോമനാഥൻ, അസോസിയേഷൻ മുൻ പ്രസിഡന്റ് വർക്കി പീറ്റർ, കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.എം ബിനു, ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഏരിയ വ്യവസായ അസോസിയേഷൻ പ്രതിനിധികൾ, വ്യവസായ സ്ഥാപന പ്രതിനിധികൾ സന്നിഹിതരായി.