മുവാറ്റുപുഴ: ജനപ്രതിനിധികളുടെ അനാസ്ഥയെ തുടർന്ന് അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ആനിക്കാട് ചെങ്ങറ കോളനിക്ക് വേണ്ടി അനുവദിച്ച പദ്ധതികൾ അവതാളത്തിലായന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആരോപിച്ചു. ചെങ്ങറ ഭൂസമരത്തെ തുടർന്ന് ഭൂമിലഭ്യമായി താമസമാക്കിയ 30ൽ അധികം കുടുംബങ്ങളാണ് ആനിക്കാട് താമസിക്കുന്നത്. കോളനിയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി ജീവിത നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും രണ്ട് വർഷം പിന്നിട്ടിട്ടും, തുടർനടപടി സ്വീകരിക്കാത്തത് ജനപ്രതിനിധികളുടെ പിടിപ്പുകേടാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനവും, ബ്ലോക്ക് പട്ടികജാതി വികസന വകുപ്പും, എം.എൽ.എയും സംയുക്തമായി ഇടപെട്ട് നടപ്പാക്കേണ്ട പദ്ധതി സാങ്കേതിക തടസങ്ങൾ പറഞ്ഞ് കോളനി നിവാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കമ്മ്യൂണിറ്റി ഹാൾ നിർമാണം, റോഡ് പ്രവൃത്തി, സോളാർ തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, കുടിവെള്ള വിതരണം, വീട് നവീകരണം നടപ്പാത നിർമ്മാണം, സംരക്ഷണഭിത്തി കെട്ടലുൾപ്പെടെ അനുയോജ്യമായ നിലയിൽ പദ്ധതി നടപ്പാക്കാം എന്നിരിക്കെ കാലതാമസം വരുത്തി പദ്ധതി അട്ടിമറിക്കുകയാണെന്നും അശ്രദ്ധ മൂലം അനുവദിച്ച തുക നഷ്ടപ്പെടുന്ന സ്ഥിതിയാണെന്നും എൽദോ എബ്രഹാം ആരോപിച്ചു. പദ്ധതി സംബന്ധിച്ച് ഉണ്ടാകുന്ന അനാസ്ഥ ചൂണ്ടി കാണിച്ച് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന് കത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു.