fest

മൂവാറ്റുപുഴ: നഗരത്തിന് ഉത്സവ അന്തരീക്ഷം പകർന്ന് ഒരു മാസം നീണ്ടുനിൽക്കുന്ന മൂവാറ്റുപുഴ ഫെസ്റ്റിന് തുടക്കമായി. നഗരസഭാ ചെയർമാൻ പി.പി. എൽദോസ് ഫെസ്റ്റിന്റെ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റേഡിയത്തിന് സമീപമായി നിർമ്മിച്ചിട്ടുള്ള ഇരുപതിനായിരത്തോളം ചതുരശ്ര അടി വിസ്തീർണമുള്ള കൂറ്റൻ പവലിയനിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ നിരവധിപ്പേർ സന്നിഹിതരായിരുന്നു. പെറ്റ്സ് ഷോയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർപഴ്സൺ സിനി ബിജുവും ജംഗിൾ ഫോറസ്റ്റ് ഷോയുടെ ഉദ്ഘാടനം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൽ സലാമും ,നയാഗ്ര വെളളച്ചാട്ടത്തിന്റെ പ്രവർത്തിക്കുന്ന മാതൃകയുടെ സ്വിച്ച് ഓൺ ഉദ്ഘാടനം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് കുര്യാക്കോസ്, അജി മുണ്ടാട്ട് എന്നിവർ ചേർന്നും , വാണീജ്യ സ്റ്റാളുകളുടെ ഉദ്ഘാടനം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രമീള ഗിരീഷ് കുമാർ, നിസ അഷറഫ് എന്നിവർ ചേർന്നും നിർവഹിച്ചു. വളർത്തൽ മൃഗങ്ങളുമായി തുറന്ന വേദിയിൽ ഇടപഴകുന്നതിനും അവയെ ഓമനിക്കുന്നതിനും വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കാട്ടിനുള്ളിലെ യാത്രാനുഭവം നൽകുന്ന റോബോട്ടിക് ഷോ, വാണിജ്യ സ്റ്റാളുകൾ, പ്രദർശന സ്റ്റാളുകൾ, വിപുലമായ ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് പാർക്ക് തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികൾ മേളയിലുണ്ട്. ഇന്ത്യാ ഗേറ്റ് മാതൃകയിലാണ് പ്രവേശന കവാടം നിർമ്മിച്ചിരിക്കുന്നത്. പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് 3 മുതൽ രാത്രി 9.30 വരെയും അവധി ദിവസങ്ങൾ രാവിലെ 11 മുതൽ രാത്രി 9.30 വരെയായിരിക്കും പ്രദർശനം.