കൊച്ചി: കൊച്ചിയിൽ കൊതുകുപട പണി തുടങ്ങി. നഗരത്തിലും സമീപ പ്രദേശങ്ങളിലും കൊതുക് ശല്യം രൂക്ഷമായി. പകൽ നേരത്തുതന്നെ കൊതുകിന്റെ ആക്രമണം തുടങ്ങുന്നതിനാൽ വീട്ടിലും ഓഫീസിലും പുറത്തും സ്വസ്ഥതയോടെ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. കൊതുക് നിവാരണത്തിന് ഹീൽ പദ്ധതി ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ കോർപ്പറേഷൻ ആവിഷ്കരിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.
കൊച്ചിയിൽ കൊതുകുകളെ വളർത്തുന്ന പ്രധാന കേന്ദ്രങ്ങൾ നഗരത്തിലെ വീടുകളാണെന്ന് ഐ.സി.എം. ആറിന് കിഴിലെ വെക്ടർ കൺട്രോൾ റിസർച്ച് സെന്റർ (വി.സി.ആർ.സി) കഴിഞ്ഞ വർഷം നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഫോഗിംഗ് ഫലപ്രദമല്ലെന്നും സംഘം വിധിയെഴുതി.
നഗരത്തിലെ കൊതുകുനശീകരണ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ വി.സി.ആർ.സിയും കോർപ്പറേഷനുമായി ധാരണയിലെത്തിയിരുന്നു. ശാസ്ത്രീയ മാർഗങ്ങളിലൂടെ കൊതുകിനെ പ്രതിരോധിക്കുമെന്ന പ്രഖ്യാപനവും വാക്കുകളിലൊതുങ്ങി. കൊതുകുപട സജീവമായതോടെ ഡെങ്കി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ രൂക്ഷമാകുമോയെന്നും ആശങ്കയുണ്ട്.
 കൊതുകിന് അനുകൂലസാഹചര്യം
നിർമ്മാണം നടക്കുന്ന കെട്ടിടങ്ങളിൽ കെട്ടികിടക്കുന്ന വെള്ളത്തിൽ ലാർവ പെരുകുന്നു
മണിപ്ലാന്റ് ചട്ടികളിൽ കൂത്താടി വളരുന്നു.
ചെടിച്ചട്ടികളിലും സോക്ക്പിറ്റുകളിലും സെപ്‌ടിക് ടാങ്കുകളുടെ വെന്റ് പൈപ്പിലുമൊക്കെ കൊതുക് പെറ്റുപെരുകുന്നു
വെന്റ് പൈപ്പുകളിൽ നെറ്റ് കെട്ടാത്ത വീടുകളുണ്ട്.
ഒഴുക്കില്ലാത്ത പൊതു കാനകളും പ്രശ്‌നം
തോടുകളിലെ മാലിന്യം കൊതുകിനെ വളർത്തുന്നു.
 കൊതുക് നിവാരണ പ്രവർത്തനങ്ങൾ
ഉൗർജിതമാക്കും
തിങ്കളാഴ്ച മുതൽ കൊതുക് നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഇതിനായി ഏഴ് പേരടങ്ങുന്ന ടീം രൂപീകരിച്ചിട്ടുണ്ട്. കൊതുക് നിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യത്തിന് ജീവനക്കാരുണ്ട്. മരുന്നിനും ക്ഷാമമില്ല. നിലവിൽ ഫോഗിംഗ് നടക്കുന്നുണ്ട്. ഇത് കൂടുതൽ ശക്തമാക്കും. ഇടയ്ക്കിടെയുള്ള മഴ കൊതുക് വളരാൻ കാരണമാകുന്നു. കൊതുകിന് വളരാനുള്ള സാഹചര്യം ഒഴിവാക്കലാണ് പ്രധാന കാര്യം. അതിന് പൊതുജനപങ്കാളിത്തം കൂടിയേ തീരൂ.
ടി.കെ.അഷ്‌റഫ്
ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ
 ബാറ്റിനും ക്ഷാമം
കൊതുകുശല്യം രൂക്ഷമായതോടെ ബാറ്റിനും ക്ഷാമം. ബാറ്റ് കിട്ടാനില്ലെന്ന് പരാതിയുണ്ട്.