മട്ടാഞ്ചേരി: കൊച്ചി ദീപാവലി ആഘോഷത്തിലേയ്ക്ക്. വടക്കേയിന്ത്യൻ സമൂ ഹത്തിന്റെ ആചാരാനുഷ്ഠാന ദീപാവലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. വാണിജ്യ വ്യവസായ മേഖലയ്ക്ക് 'സം വത്സരി' പുതുവർഷം കൂടിയാണ് ദീപാവലിയാഘോഷം. ധൻതേരാസിൽ തുടങ്ങി കാലി ചൗദസ്സ്,ദീവാളി,സംവത്സരി, ബായി ഭൂജ് വരെയായി അഞ്ച് ദിവസമാണ് ആഘോഷം.
ദീപാവലി നാളിലെ 'ചൗപ്പട' പുജയിൽ ഈശ്വര സമക്ഷം സമർപ്പിക്കുന്നതിനുള്ള സ്വർണം, വെള്ളി വാങ്ങുന്ന ദിനമാണ് ധൻതേരാസ്സ്, പുതു വർഷ പൂജയ്ക്ക് മുമ്പായി വീടും വ്യാപാര സ്ഥാപനങ്ങളും ശുദ്ധീകരിക്കുന്ന ദിനമാണ് കാലി ചൗദസ് , ദീപാവലി ദിനത്തിൽ സകുടുംബം ഒത്തുചേർന്ന് വ്യാപാര കേന്ദ്രങ്ങളിൽ പുതുവർഷ വരവേല്പിന്റെ പൂജയും തുടർന്ന് മൂഹൂർത്ത കച്ചവടവും നടത്തും. സംവത്സര ദിനത്തിൽ ഗൃഹങ്ങളിൽ ഗുഗ്ര, ഗോബപുരി തുടങ്ങിയ പാരമ്പര്യ വിഭവങ്ങളൊരുക്കുകയും ബന്ധുമിത്രാദികൾക്ക് മധുരം നല്കി സാൽ മുബാരക് സന്ദേശവുമായി പുതുവത്സരാശംസകൾ നേരുകയും ചെയ്യും. ബായി ഭൂജ് ദിനത്തിൽ സഹോദര ഭവനങ്ങളിലെത്തി മധുരവും സമ്മാനങ്ങളും നൽകി കുടുംബബന്ധം ദൃഢമാക്കും. സാമൂഹികവും വാണിജ്യപരവും ആത്മീയതയും ഒത്തുചേർന്നു ള്ള വടക്കേയിന്ത്യൻ സമൂഹ ദീപാവലിയാഘോഷം വേറിട്ട കാഴ്ചയാണോരുക്കുന്നത്. ദീപാവലി ദിനത്തിൽ വീടുകൾ ദീപാലങ്കാരമൊരുക്കിയും മധുര പലഹാരവിതരണം നടത്തിയും പടക്കം പൊട്ടിച്ചും സന്തോഷം പങ്കിടും.
മധുരപലഹാരം വിപണി സജീവം മട്ടാഞ്ചേരി:
ദീപാവലിക്ക് വൈവിധ്യ വിഭവങ്ങളൊരുക്കി മധുരപലഹാര വിപണി സജീവമായി. നാടൻ വിഭവങ്ങൾക്കൊപ്പം പരമ്പരാഗത ഇനങ്ങളുമായുള്ള വിപണിയിൽ കാര്യമായ വിലവ്യതിയാനമില്ല. ബ്രാന്റഡ് ഇനങ്ങൾക്കൊ പ്പം പ്രാദേശിക നിർമ്മാതാക്കളും വിപണിയിൽ സജീവമാണ്. 4 ഇനം ഹൽവ, ആറ് ഇനം ബർഫികൾ, മുന്നിനം പേട , മൈസുർ പാക്ക് ,ആറിനം ലഡ്ഡുകൾ, വിവിധയിനം പാപ്പടികൾ തുടങ്ങി 80ഓളം വിഭവങ്ങളാണ് ദീപാവലി വിപണിയി ലുള്ളത്. കിലോഗ്രാമിന് 260 രൂപയുള്ള 20 ഇനങ്ങളുടെ സാധാ പാക്കറ്റ് മുതൽ 600 രൂപ വിലയുള്ള സ്പെഷ്യൽ പാക്കറ്റ് വരെ വിപണിയിലുണ്ട്. കൊച്ചിയും കോഴിക്കോടും ആലപ്പുഴയിലുമാണ് വടക്കേയിന്ത്യൻ വിഭവ വിപണികൾ സജീവമായിട്ടുള്ളത്. മുൻ കാലങ്ങളിൽ നിന്ന് വിഭിന്നമായി പടക്കവിപണി തളർച്ചയിലാണ്. ചൈനീസ് പടക്ക ഇനങ്ങൾക്ക് ജനം സ്വയം വിലക്കേർപ്പെടുത്തിയതായാണ് വിപണി വൃത്തങ്ങൾ പറയുന്നത്.