fish

ആലുവ: ആലുവ മത്സ്യമാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ അമോണിയ ചേർത്ത 170 കിലോ പഴകിയ മത്സ്യം പിടികൂടി. ഇന്നലെ പുലർച്ചെ നാലിനായിരുന്നു റെയ്ഡ്. എറണാകുളത്ത് നിന്നെത്തിയ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 100 കിലോ മോത, 50 കിലോ കേര, 20 കിലോ ശീലാവ് എന്നീ മീനുകളാണ് പിടിച്ചെടുത്തത്. ആലുവ നഗരസഭ ആര്യോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പിടിച്ചെടുത്ത മത്സ്യം പിന്നീട് നശിപ്പിച്ചു. മത്സ്യ വ്യാപാരികൾക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.

സഞ്ചരിക്കുന്ന ലാബ് സജീകരണങ്ങളുമായാണ് ഉദ്യോഗസ്ഥർ എത്തിയത്. കൊച്ചി ഹാർബറിൽ നിന്ന് ബുധനാഴ്ച രാത്രി കൊണ്ടുവന്ന മത്സ്യത്തിൽ അമോണത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ചില്ലറ കച്ചവടക്കാർ നല്കിയ പരാതിയെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്നാണ് സൂചന. ജില്ലയിൽ ആലുവ മാർക്കറ്റാണ് പച്ച മീൻ മൊത്തകച്ചവടത്തിന്റെ കേന്ദ്രം. ഏറ്റവും കൂടുതൽ ചില്ലറ കച്ചവടക്കാർ മത്സ്യം വാങ്ങുന്നതും ആലുവായിൽ നിന്നാണ്. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് അധികൃതർ പറഞ്ഞു.

• കടലിൽ നിന്ന് വിഷത്തിലേക്ക്

ചുരുങ്ങിയത് രണ്ടാഴ്ച കഴിഞ്ഞേ ബോട്ടുകൾ മത്സ്യവുമായി തിരികെയെത്തുന്നത്. ഇതിനിടെ പിടികൂടുന്ന മത്സ്യം ചീത്തയാകാതിരിക്കാൻ അമോണിയ കലർത്തി ഐസ് ഇട്ട് സൂക്ഷിക്കും. പിന്നീട്ഹാ ർബറിൽ എത്തിച്ച ശേഷം ഡീപ് ഫ്രീസറിലാക്കും. മത്സ്യത്തിന്റെ വില കൂടുന്നതിന് അനുസരിച്ച് വിപണിയിലെത്തിക്കുകയാണ് ചെയ്യുക. അപ്പോഴേക്കും മാസങ്ങൾ പിന്നിട്ടിരിക്കും. ഹാർബറുകളിൽ പരിശോധിച്ചാൽ ടൺ കണക്കിനു ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ കിട്ടുമെന്ന് കച്ചവടക്കാർ പറയുന്നു. അവിടെ കർശന പരിശോധന തുടർന്നാൽ വിപണിയിൽ പഴകിയ മത്സ്യങ്ങൾ വരുന്നത് തതടയാനാകും.

ഉദ്യോഗസ്ഥരെയും കബളപ്പിച്ച് കച്ചവടക്കാർ

ആലുവ മത്സ്യമാർക്കറ്റിൽ പരിശോധനക്കെത്തിയ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെ കച്ചവടക്കാർ കബളിപ്പിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയപ്പോൾ ഇവിടെയുണ്ടായിരുന്ന രണ്ട് ലോറികൾ മാറ്റിയിരുന്നു. ഐസ് വാഹനമെന്ന പേരിലാണ് മാറ്റിയതെങ്കിലും ഇൻസുലേറ്റർ ലോറിയിൽ പഴകിയ മത്സ്യമായിരുന്നുവെന്നാണ് സൂചന. പഴകിയ മത്സ്യങ്ങളുമായി വരുന്ന ലോറികൾ മാർക്കറ്റിൽ തന്നെ പാർക്ക് ചെയ്യുകയും ആവശ്യമെങ്കിൽ മാത്രം കച്ചവട സ്റ്റാളുകളിലേക്ക് ഇറക്കി വെയ്ക്കുകയുമാണ് സാധാരണ ചെയ്യുന്നത്. ഇത്തരത്തിലുള്ള ലോറിയാണ് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ ഐസ് എന്ന പേരിൽ മാറ്റിയതെന്നാണ് വിവരം.