പെരുമ്പാവൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മദ്ഹുറസൂൽ സംഗമം തിങ്കളാഴ്ച വൈകിട്ട് 4.30ന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ കെ.കെ. സിദ്ദീഖ് ഹാജി പെരിങ്ങാല, വൈസ് ചെയർമാൻമാരായ ഇസ്മായിൽ ഫൈസി വണ്ണപ്പുറം, കെ.എം. ബഷീർ ഫൈസി, വർക്കിംഗ് കൺവീനർ സിയാദ് ചെമ്പറക്കി, കോഡിനേറ്റർ പി.എ. അബ്ദുൽകരീം മൗലവി, കൺവീനർമാരായ മനാഫ് ചെറുവേലിക്കുന്ന്, പി.കെ. അബ്ദുൽസലാം എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മൗലീദ് പാരായണത്തിന് സയ്യിദ് ശറഫുദ്ധീൻ തങ്ങൾ, സയ്യിദ് സൈഫുദ്ധീൻ തങ്ങൾ, സയ്യിദ് ഷഫീക് തങ്ങൾ, മാടവന മൻസൂർ ഹാജി എന്നിവർ നേതൃത്വം നൽകും. വൈകിട്ട് 6.45 ന് നടക്കുന്ന പ്രവാചക പ്രകീർത്തന സദസ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ മദ്ഹൂറസൂൽ പ്രഭാഷണം നടത്തും. സമസ്ത ജില്ലാ പ്രസിഡന്റ് ഐ.ബി. ഉസ്മാൻ ഫൈസി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ മന്ത്രി ടി.എച്ച്. മുസ്തഫയെ ആദരിക്കും. കേന്ദ്ര മുശാവറ അംഗം എസ്. ഹസൻ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകും. ജനറൽ സെക്രട്ടറി ഓണംപള്ളി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തും. ബെന്നി ബഹനാൻ എം.പി, മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, മുടിക്കൽ ജമാഅത്ത് പ്രസിഡന്റ് എം.കെ. ഹംസ ഹാജി എന്നിവർ പങ്കെടുക്കും. മദ്ഹുറസൂൽ സംഗമത്തിന്റെ ഭാഗമായി നടന്നുവരുന്ന നബിദിന കാമ്പയിനിന് ഇതോടെ സമാപനം കുറിക്കുമെന്നും, ഞായറാഴ്ച വൈകിട്ട് 4ന് പെരുമ്പാവൂർ നഗരിയിൽ വിളംബര റാലി നടത്തുമെന്നും നേതാക്കൾ അറിയിച്ചു.