
വൈപ്പിൻ: കൊയ്ത്തരിവാളുകളുമായി കർഷകത്തൊഴിലാളികൾക്കൊപ്പം പൊക്കാളിക്കതിരുകൾ കൊയ്‌തെടുത്ത് രാജഗിരി കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് പി. ജി. വിദ്യാർത്ഥികൾ. നായരമ്പലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രാസ്‌റൂട്ടിന്റെ പൊക്കാളി ഫാമിംഗ് വർക്‌ഷോപ്പിന്റെ നാലാം ഘട്ടത്തിൽ പങ്കെടുക്കാനാണ് അവസാനവർഷ സ്റ്റാറ്റിസ്റ്റിക്‌സ് പി. ജി. വിദ്യാർത്ഥികളെത്തിയത്.
കോതമംഗലം കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ വിദ്യാർത്ഥിനികളും കൊയ്ത്തുത്സവത്തിൽ പങ്കുചേർന്നു. നായരമ്പലം നെടുങ്ങാടുള്ള വട്ടത്തറ മുണ്ടാടൻ ജോർജ് ജോസഫിന്റെ സാൻജോ ഇക്കോ ഫാമിലാണ് വിദ്യാർത്ഥികൾ എത്തിയത്.
അദ്ധ്യാപകരായ ഡോ. ജിറ്റോ ജോസഫ് , ഡോ. ഉണ്ണിമായ, രാജഗിരി ഔട്ട് റീച്ച് കോഓർഡിനേറ്റർ രഞ്ജിത്ത് കെ. ഉദയഭാനു എന്നിവരുടെ നേതൃത്വത്തിൽ 16വിദ്യാർത്ഥികളും പത്ത് ഇന്റേൺ വിദ്യാർത്ഥികളും കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു. പാടത്ത് കൊയ്ത്തിനു ശേഷം വരമ്പത്തു കൂടിയ യോഗത്തിൽ കുഫോസ് ഫാം സൂപ്രണ്ടും ഗ്രാസ്‌റൂട്ട് രക്ഷാധികാരിയുമായ കെ.കെ. രഘുരാജ് പൊക്കാളി കൃഷിരീതിയുടെ പാരിസ്ഥിതിക പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.