a
തിരുവാങ്കുളം തൃപ്പൂണിത്തറ ബൈപ്പാസിന് സ്ഥലം ഏറ്റെടുത്തതിന്റെ ഭാഗമായി വീടുകൾ അറ്റകുറ്റപ്പണി നടത്താൻ സാധിക്കാതെ നശിച്ചുപോയ വീട്.

ചോറ്റാനിക്കര: തിരുവാങ്കുളം-തൃപ്പൂണിത്തുറ ബൈപ്പാസിനായി തൃപ്പൂണിത്തുറ മുതൽ മറ്റക്കുഴി വരെയുള്ള ജനങ്ങൾ കാത്തിരിപ്പ് തുടങ്ങിയിട്ട് 33 വർഷം പിന്നിട്ടു. മറ്റക്കുഴി മുതൽ തിരുവാങ്കുളം റെയിൽവേ ലൈൻ വരെ 4.5 ഹെക്ടർ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്നു മാത്രം. പ്രദേശവാസികളായ 217 കുടുംബങ്ങളാണ് വീട് വി​ൽക്കാനോ പണയം വയ്ക്കാനോ കഴി​യാതെ വലയുന്നത്. പുതി​യ കെട്ടി​ടം നി​ർമ്മി​ക്കുന്നത് പോയി​ട്ട്, വീടുകളുടെ അറ്റകുറ്റപ്പണി പോലും നടത്താൻ സാധിക്കുന്നില്ല.

തിരുവാങ്കുളം മുതൽ പേട്ട വരെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ബൈപ്പാസ് പ്രഖ്യാപിച്ചത്. കരിങ്ങാച്ചിറ മുതൽ തിരുവാങ്കുളം വരെ ഗതാഗത തടസം രൂക്ഷമാണ്. കൊച്ചി ധനുഷ്കോടി ദേശീയപാതയിലൂടെ വലിയ വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശിക്കാതെ യാത്ര ചെയ്യാൻ നിർദ്ദിഷ്ട ബൈപ്പാസ് ഉപകരിക്കും.

>> ഏറ്റെടുത്തത് 4.5 ഏക്കർ

മറ്റക്കുഴി മുതൽ തിരുവാങ്കുളം റെയിൽവേ ലൈൻ വരെ ആദ്യഘട്ടത്തിൽ 16.17ഹെക്ടർ ഭൂമിയാണ് വേണ്ടിയിരുന്നത്. തിരുവാങ്കുളം തിരുവാണിയൂർ വില്ലേജുകളിലായി 4.5 ഏക്കർ സ്ഥലം ഏറ്റെടുത്തു. മറ്റക്കുഴി - മുരിയമംഗലം ഭാഗത്തെ ഏതാനും പേർക്ക് മാത്രമാണ് പണം നൽകിയത്.

രണ്ടാംഘട്ടത്തിൽ തിരുവാങ്കുളം റെയിൽവേ ലൈൻ മുതൽ തൃപ്പൂണിത്തുറ മിനി ബൈപ്പാസ് വരെയുള്ള ഭൂമി ഏറ്റെടുക്കേണ്ടിയിരുന്നു. അത് ഇതുവരെ നടന്നിട്ടില്ല.

>> വ്യക്തതയില്ലാതെ അധികൃതർ

എല്ലാ വിവരങ്ങളും ഡി.പി.ആർ ഏജൻസിക്കേ അറിയൂ എന്നാണ് ദേശീയപാത അധികൃതരുടെ മറുപടി. കൊച്ചി- തേനി - മൂന്നാർ ഇക്കോണോമിക് കോറിഡോർ പദ്ധതിയിൽ നിർദ്ദിഷ്ട ബൈപ്പാസ് ഉൾപ്പെടുമോ അതോ അങ്കമാലി- കുണ്ടന്നൂർ ബൈപ്പാസ് അലൈൻമെന്റ് ഉൾപ്പെടുമോ എന്ന് വ്യക്തതയില്ല.

ഭാരത് മാല പദ്ധതിക്ക് കീഴിൽ കേരളത്തിലെ വിവിധ റോഡുകൾക്കായി 66,000 കോടി രൂപ കേന്ദ്രസർക്കാർ കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിൽ സംസ്ഥാന വിഹിതം 25 ശതമാനമാണ്.

******

മറ്റക്കുഴി മുതൽ തിരുവാങ്കുളം വരെ 217 കുടുംബങ്ങളാണ് ഭൂമി മരവിപ്പിച്ച് സർവ്വേക്കല്ലിട്ടതുമൂലം 33 വർഷമായി ദുരിതത്തിൽ കഴിയുന്നത്.

ഏലിയാസ് ഏ.വി.അമ്പാട്ടുമാലിൽ,

തൃപ്പൂണിത്തുറ ബൈപ്പ് ആക്ഷൻ കൗൺസി​ൽ പ്രസിഡന്റ്.

തിരുവാങ്കുളം-തൃപ്പൂണിത്തുറ ബൈപ്പാസ് ഭാരത് മാല പദ്ധതിയിൽപ്പെടുത്തി നടപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

അനൂപ് ജേക്കബ് എം.എൽ.എ