krishna-aravind

ആലുവ: മലയാളത്തിൽ പി.എച്ച്.ഡി ലഭിച്ച മികച്ച ഗവേഷണ പ്രബന്ധത്തിന് ഏർപ്പെടുത്തിയിട്ടുള്ള സിനു വർഗീസ് സ്മാരക എൻഡോവ്‌മെന്റ് അവാർഡ് ഡോ. കൃഷ്ണ അരവിന്ദിനു ലഭിച്ചു. ചാലക്കുടി പി.എം. ഗവ. കോളേജിലെ അദ്ധ്യാപികയാണ് ഡോ. കൃഷ്ണ അരവിന്ദ്. രസചിന്താപദ്ധതി സംസ്‌കാരപഠന സങ്കൽപ്പനങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശകലനം എന്നതായിരുന്നു ഗവേഷണവിഷയം. യു.സി. കോളേജിലെ മലയാളവിഭാഗത്തിൽ ഗവേഷകയായിരിക്കെ നിര്യാതയായ സിനു വർഗീസിന്റെ സ്മരണാർത്ഥമാണ് അവാർഡ്. 2021 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ പിഎച്ച്.ഡി ലഭിച്ച പ്രബന്ധങ്ങളിൽ നിന്നാണ് ഡോ. കൃഷ്ണയുടെ പ്രബന്ധം തെരഞ്ഞെടുത്തത്. ഡോ. വി.പി. മാർക്കോസ്, ഡോ. മ്യൂസ് മേരി ജോർജ്, ഡോ. കെ.പി. ജോർജ് എന്നിവരടങ്ങിയ വിദഗ്ദ്ധ സമിതിയാണ് അവാർഡ് നിർണയിച്ചത്. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഇന്ന് രാവിലെ 9.30ന് യു.സി. കോളേജിൽ നടക്കുന്ന 'മലയാള പൗർണ്ണമി 2022' പൂർവവിദ്യാർത്ഥി സംഗമത്തിൽ നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ അവാർഡ് സമ്മാനിക്കുമെന്ന് മലയാള വിഭാഗം അധ്യക്ഷൻ ഡോ. വിധു നാരായൺ അറിയിച്ചു.