കളമശേരി: കുസാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ഹരിപ്പാട് സ്വദേശി എം.സോമനെ ആക്രമിച്ച് പരിക്കേല്പിച്ച സംഭവത്തിൽ കുസാറ്റിലെ രജിസ്ട്രാർ നൽകിയ പരാതി പ്രകാരം കളമശേരി പൊലീസ് സോമന്റെ മൊഴി​ രേഖപ്പെടുത്തി കേസെടുത്തു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ ദീപാവലി ദിനത്തിൽ മതിൽ ചാടി കടന്ന് അകത്ത് പ്രവേശിച്ചത് തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചതിനാണ് കേസ്. പ്രജിത്ത് ബാബുവിനെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്നവരെയും പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കുസാറ്റിലെ വിദ്യാർത്ഥി സംഘട്ടനവുമായി ബന്ധപ്പെട്ട് പൊലീസ് 61 പേർക്കെതിരെ 4 കേസുകൾ എടുത്തിട്ടും സർവകലാശാല നടപടി എടുക്കാത്തതിൽ വിദ്യാർത്ഥികൾക്ക് അമർഷമുണ്ട്.