മൂവാറ്റുപുഴ : എക്‌സസൈസിന്റെയും മൂവാറ്റുപുഴ ജനമൈത്രി പൊലീസിന്റെയും സഹകരണത്തോടെ മൂവാറ്റുപുഴ ജനകീയ കൂട്ടായ്മയും അഷ്‌റഫ് കെയർ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജനകീയ കൂട്ടയോട്ടം ഇന്ന് നടക്കും. ജനകീയ കൂട്ടയോട്ടം വൈകുന്നേരം നാലിന് കക്കടശേരിയിൽ മൂവാറ്റുപുഴ ഡി.വൈ.എസ് .പി മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. മൂവാറ്റുപുഴ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ പി.പി എൽദോസ് അദ്ധ്യക്ഷത വഹിക്കും. ക്യാൻസർ എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തിൽ ലോകപ്രശസ്ത ക്യാൻസർ ചികിത്സകൻ ഡോ.വി.പി ഗംഗാധരൻ ക്ലാസ് നയിക്കും. മദ്ധ്യമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണർ പി.കെ സനു, എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ആർ.ജയചന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. കൂടാതെ രാഷ്ട്രീയ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഷെനീർ അലിയാർ നയിക്കുന്ന ഗാനമേള അരങ്ങേറും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ ടി.എസ്.മുഹമ്മദ്, അഷറഫ് ബദരിയ്യ, സക്കീർ തങ്ങൾ, അഷറഫ് എവറസ്റ്റ്, പി.എ.അബ്ദുൽസമദ്, സലീം കരിക്കനാക്കുടി എന്നിവർ പങ്കെടുത്തു.