അങ്കമാലി: അങ്കമാലി - മഞ്ഞപ്ര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ യാത്രക്കാരിൽ നിന്ന് അധിക ചാർജ് ഈടാക്കുന്നതിനെതിരെ ഇന്ദിര ഗാന്ധികൾച്ചറൽ ഫോറം മഞ്ഞപ്ര മണ്ഡലം ഭാരവാഹികൾ അങ്കമാലി സബ്. റീജിനൽ ട്രാൻസ്പോർട്ട് ഓഫീസ് ജോയിന്റ് ആർ.ടിഒയ്ക്ക് പരാതി നൽകി. ചാർജ് പ്രദർശിപ്പിക്കാതെ യാത്രക്കാരിൽ നിന്ന് തോന്നുംപടിയാണ് ചാർജ് ഈടാക്കുന്നതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. അങ്കമാലിയിൽ നിന്ന് മഞ്ഞപ്രക്ക് സ്വകാര്യ ബസ് ഇപ്പോൾ 18 രൂപയാണ് വാങ്ങുന്നത്. എന്നാൽ ഈ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസ് 15രുപയാണ് നിരക്ക്. സമ്പൂർണ ലോക്ക് ഡൗണിന് ശേഷം നിബന്ധനകൾക്ക് വിധേയമായി സർവീസ് നടത്തിയ സമയം 13 രൂപയായിരുന്നു നിരക്ക്. അന്ന് 15 രൂപ ഈടാക്കിയിരുന്നെന്നും കൾച്ചറൽ ഫോറം ഭാരവാഹികൾ പറഞ്ഞു. കെ.സോമശേഖരൻ പിള്ള, ഡേവീസ് മണവാളൻ, ഷൈബി പാപ്പച്ചൻ, ഡേവീസ് ചൂരമന എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത് .