np

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ അടുക്കളത്തോട്ടം പച്ചക്കറി കൃഷി വികസന സ്കീമിൽ ഒരു ലക്ഷം പച്ചക്കറി തൈകളുടെ വിതരണം ആരംഭിച്ചു. വിതരണ ഉദ്ഘാടനം രായമംഗലം ഗ്രാമഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ നിർവഹിച്ചു. വ്യാഴാഴ്ച രാവിലെ 11.00ന് വാർഡ് 19 പട്ടശേരിമനപ്പടി മിൽമ സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ലിജു അനസ്, വൈസ് പ്രസിഡന്റ് ദീപ ജോയി, മുൻ പ്രസിഡന്റ് ഉഷാദേവി ജയകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത അനിൽകുമാർ എന്നിവർ സംസാരിച്ചു. ശീതകാല പച്ചക്കറികളായ കാബ്ബേജ്, കോളിഫ്ലവർ, പച്ചമുളക്, തക്കാളി, വെണ്ട, സാലഡ് കുക്കുമ്പർ എന്നിവയുടെ ഹൈബ്രിഡ് തൈകളാണ് വിതരണം ചെയ്യുന്നത്.