തൃക്കാക്കര: രാവിലെ എട്ടുമണിമുതൽ തൃക്കാക്കര നഗരസഭാ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ രോഗികളുടെ നീണ്ട നിര, ഒമ്പതുമണിക്ക് എത്തേണ്ട ഡോക്ടർ എത്തിയത് പത്തേകാലോടെ. ഇതിനെ ചോദ്യം ചെയ്ത കൗൺസിലർക്കും രോഗികളുടെ ബന്ധുക്കൾക്കും അസഭ്യവർഷം. സംഭവം വിവാദമായതിനെത്തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ, ഡോ.സുഹാസിനെ ചേരാനല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റി.അവിടത്തെ അസി.സർജനായിരുന്ന ഡോ.സുധീഷ് കെയെ കാക്കനാട് കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് നിയമിച്ചു. ഇന്നലെ രാവിലെ നഗരസഭാ കുടുംബ ആരോഗ്യ കേന്ദ്രത്തിലാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്.
ഇന്നലെ രാവിലെ ഡോക്ടർ ഒ.പി സമയം കഴിഞ്ഞും വരാതായതോടെ റോഡികളിൽ ചിലർ വാർഡ് കൗൺലറായ പി.സി മനൂപിനെ വിവരം അറിയിക്കുകയായിരുന്നു. ഒൻപതരയോടെ കൗൺസിലർ ആശുപത്രിയിലെത്തി. അരമണിക്കൂർ പിന്നിട്ടിട്ടും വരാതായതോടെ
മെഡിക്കൽ ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു. പത്തേകാലോടെ ഡോക്ടർ ഡോ.സുഹാസ് കുടുംബ ആരോഗ്യ കേന്ദ്രത്തിലെത്തി.രോഗികളിൽ ചിലർ ഡോക്ടർ വൈകിവന്നതിനെ ചോദ്യം ചെയ്തു.തുടർന്ന് കൗൺസിലർ ഡോക്ടറുടെ മുറിയിലെത്തി കാര്യം തിരക്കി.എന്നാൽ രോഗികളോടും കൗൺസിലറോടും അദ്ദേഹം മോശമായി പെരുമാറുകയായിരുന്നു.പിന്നാലെ പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്രബാബു,കൗൺസിലർ ജിജോ ചിങ്ങംതറ എന്നിവർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി.ചികിത്സ തേടിയെത്തിയ രോഗികളിൽ ചിലർ കൗൺസിലർമാരോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ദുരിതങ്ങളുടെ കെട്ടഴിച്ചു. ഒ.പി അവസാനിച്ചതോടെ വാർഡ് കൗൺസിലറായ പി.സി മനൂപ് വീണ്ടും ഡോക്ടറുടെ മുറിയിലെത്തി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. കൗൺസിലറോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. ഇതിനിടെ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ധന്യ സ്ഥലത്തെത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും തീരുമാനമുണ്ടായില്ല.തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവിയെ വിളിച്ച് ഡോ. സുഹാസിനെ അടിയന്തിരമായി മാറ്റുന്നവരെ കുത്തിയിരിപ്പ് സമരം തുടരുമെന്നറിയിച്ചു.12 മണിയോടെ ഡോക്ടർ സുഹാസിനെ ചേരാനല്ലൂരിലേക്ക് സ്ഥലം മാറ്റിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഉത്തരവ് ഇറക്കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.