നെടുമ്പാശേരി: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ എയർപോർട്ടിന്റെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 11മത്സ് സ്പോർട്‌സ് അത്ലറ്റിക് മീറ്റ് 'റോട്ട്സ്‌പോർട്‌സ്' 24ന് നടക്കുമെന്ന് റോട്ടറി ക്ലബ് പ്രസിഡന്റ് ഡോക്ടർ ജൂഡ് ജോൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അങ്കമാലി വിശ്വജോതി പബ്ലിക് സ്‌കുളിൽ നടക്കുന്ന മത്സരങ്ങളിൽ എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നായി 1200 കുട്ടികളും 300ഓളം അദ്ധ്യാപകരും പങ്കെടുക്കും. നാല് കാറ്റഗറിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരം നടക്കും.
രാവിലെ 8.30ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ രാജ്‌മോഹൻ നായർ മീറ്റ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് സമാപന സമ്മേളനത്തിൽ ബെന്നി ബെഹന്നാൻ എം.പി, റോജി എം. ജോൺ എം.എൽ.എ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യും. പ്രോഗ്രാം കൺവീനർ സോജൻ കോശി, ക്ലബ് സെക്രട്ടറി ഡോ. സുനിൽ ജോസ് എളന്താട്ട്, വി.ബി. രാജൻ, ഡോ. സന്തോഷ് തോമസ്, പി. രാജീവ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.