പറവൂർ: പോരാട്ടം ഫലം കണ്ടു. തൊഴിലുറപ്പ് പദ്ധതിയിലൂടെ അനുവദിച്ച കിണർധനസായം തൊഴിലുറപ്പ് തൊഴിലാളിക്ക് നൽകാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു. കോട്ടുവള്ളി സ്വദേശിനിക്കയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഉത്തരവ്.

രണ്ട് വർഷം മുമ്പാണ് തൊഴിലുറപ്പ് തൊഴിലാളിക്ക് കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി കിണറിന് ധനസഹായം അനുവദിച്ചത്. എന്നാൽ ഇതിനായി ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ധനസഹായം ലഭിച്ചില്ല. തുടർന്ന് സ്വന്തം കൈയിൽ നിന്ന് പണം മുടക്കി കിണർ നിർമ്മിച്ചു. ഇതിന് ശേഷവും ധനസഹായത്തിനായി ഓഫീസുകൾ കയറിയിറങ്ങിയതോടെയാണ് ഉദ്യോഗസ്ഥർ മനസ് തളർത്തുന്നകാര്യം തൊഴിലുറപ്പ് തൊഴിലാളിയോട് പറഞ്ഞത്. നടപടി ക്രമങ്ങൾ പൂർത്തീകരിക്കാതെ കിണർ സ്വയം നിർമിച്ചതിനാൽ തൊഴിലുറപ്പ് നിധിയിൽ നിന്നും സഹായം ലഭിക്കില്ലെന്നായിരുന്നു ഇത്. തുടർന്ന് ഇവർ ഓംബു‌ഡ്സ്മാന് പരാതി നൽകുകയായിരുന്നു. തന്റേതല്ലാത്ത കാരണങ്ങളാൽ തനിക്ക് ലഭിക്കേണ്ട സഹായം നഷ്ടപ്പെടാതിരിക്കാൻ പരാതിക്കാരൻ കിണറിന് വേണ്ടി ചെലവാക്കിയ തുക പഞ്ചായത്തിന്റെ ഈവർഷത്തെ തൊഴിലുറപ്പ് വിഹിതത്തിൽ നിന്നും ഒരു മാസത്തിനകം ജില്ലാ തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ നൽകണമെന്ന് ഓംബുഡ്സ്മാൻ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ യഥാസമയം ഇടപെട്ട് ഗുണഭോക്താവിനെ വേണ്ടവിധം ബോധവത്കരിച്ചിരുന്നെങ്കിൽ ഈ പരാതി ഒഴിവാക്കാമായിരുന്നുവെന്ന് ഓബുഡ്സ്മാൻ ഉത്തരവിൽ പറയുന്നു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് തൊഴിലുറപ്പ് എൻജിനീയർ, ഓവർസീയർ എന്നിവരുടെ ജാഗ്രത കുറവും താത്പര്യമില്ലായ്മയും ഉദ്യോഗസ്ഥ മേൽക്കോയ്മാ മനോഭാവവും ഇക്കാര്യത്തിൽ പ്രകടമായിരുന്നുവെന്നും ഉത്തരവിൽ പറയുന്നു.

മനോഭാവം മാറണം

സാധാരണക്കാരോടുള്ള ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റം വരുത്തണമെന്ന് ജില്ലാത്തൊഴിലുറപ്പ് ഓംബുഡ്സ്മാൻ എം.ഡി. വർഗീസ്. ഉദ്യോഗസ്ഥരുടെ മേൽക്കോയ്മയും പ്രശ്നങ്ങളിലുള്ള നിസംഗതയും തൊഴിലാളികളെ ദ്രോഹകരമായി ബാധിക്കുന്നുണ്ട്. തൊഴിലുറപ്പ് സാമ്പത്തിക സഹായം ലഭിച്ചില്ലെന്ന പരാതി തീർപ്പാക്കി ഇറക്കിയ ഉത്തരവിലാണ് ഓംബുഡ്സ്മാന്റെ പരാമർശം.