ആലുവ: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവർ മാതാപിതാക്കളുടെ സ്വപ്നം മാത്രമല്ല, നാടിന്റെ സ്വപ്നം കൂടിയാണ് യാഥാർത്ഥ്യമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആലുവ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന 'അലൈവ്' സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ളസ് ടു, സി.ബി.എസ്.ഇ 10,12 ക്ളാസുകളിലും എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയവരെയും വിവിധ ജേതാക്കളേയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസം കൈവരിക്കുന്നത് വ്യക്തിപരമായ നേട്ടമാണെങ്കിലും അത് കുടുംബത്തിനും സമൂഹത്തിനും ഉണ്ടാക്കുന്ന നേട്ടം വളരെ വലുതാണ്. നാടിന്റെ സാമൂഹിക - സാമ്പത്തിക മാറ്റത്തിന്റെ വലിയ ഉപകരണമാണ് വിദ്യാഭ്യാസം. പഠിക്കുന്ന കോഴ്സുകൾ ഏതെന്നത് മാത്രമല്ല, പഠിച്ച സ്ഥാപനത്തിന്റെ നിലവാരം കൂടി പരിഗണിക്കുന്ന കാലമാണിത്.

അറിവിന്റെ ലോകം മിന്നൽ വേഗത്തിൽ വികസിക്കുകയാണ്. എന്ത് യോഗ്യത നേടിയാലും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. വിദേശ രാജ്യങ്ങളിൽ അദ്ധ്യാപകർക്ക് റിട്ടർമെന്റില്ല. വിരമിച്ചാൽ പുതിയ തലമുറക്കാണ് നഷ്ടമെന്ന തിരിച്ചറിവാണ് കാരണമെന്നും വി.ഡി. സതീശൻ പറഞ്ഞു. അലൈവ് പദ്ധതിയുടെ ലോഗോ പ്രകാശനവും വി.ഡി. സതീശൻ നിർവഹിച്ചു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജെബി മേത്തർ എം.പി മുഖ്യാതിത്ഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, എം.ജെ. ജോമി, ശാരദ മോഹനൻ, സൈജി ജോളി, പി.പി. കുഞ്ഞ്, കെ.സി. മാർട്ടിൻ, രാജി സന്തോഷ്, സെബ മുഹമ്മദാലി, സതി ലാലു എന്നിവർ സംസാരിച്ചു. ശതമാനം 100വിജയം നേടിയ സ്‌കൂളുകളേയും അനുമോദിച്ചു

.