governer-aarif-muhammed-k

ബാലഗോപാലിനെ പരിഹസിച്ച് ഗവർണർ

കൊച്ചി: മദ്യവും ലോട്ടറി​യും വി​റ്റ് വരുമാനമുണ്ടാക്കുന്ന ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിദ്യാഭ്യാസത്തെക്കുറിച്ച് തനി​ക്ക് ക്ലാസ് എടുക്കേണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരിഹാസം.

മദ്യവും ലോട്ടറിയുമാണ് വികസനമെന്ന് സർക്കാർ കരുതുന്നു. ഇത്തരത്തിൽ കേരളം വരുമാനം കണ്ടെത്തുന്നതിൽ ലജ്ജിക്കുന്നു. മുൻ അഡി. അഡ്വക്കേറ്റ് ജനറൽ വി.കെ. ബീരാൻ രചിച്ച 'സി.എച്ച്. മുഹമ്മദ് കോയ: അറിയാക്കഥകൾ' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഗവർണർ.

എന്റെ നടപടികളെ തിരുത്തുമെന്നാണ് നിയമമന്ത്രി പി. രാജീവ് പറയുന്നത്. ഗവർണറെ തിരുത്താൻ മന്ത്രിക്ക് എന്ത് അധികാരം? മന്ത്രിമാരുടെ കാര്യം നോക്കാനാണ് ഞാൻ ഇവിടെ വന്നത്.

ഉത്തർപ്രദേശി​ൽ നി​ന്നെത്തി​യ ഗവർണർ ഇവിടത്തെ സർവകലാശാലകളുടെ കാര്യത്തിൽ അഭിപ്രായം പറയേണ്ടെന്ന ധനമന്ത്രിയുടെ നിലപാട് മുഖവിലയ്ക്കെടുക്കുന്നില്ല. ഇതേ അഭിപ്രായം സുപ്രീംകോടതിയിലെ ന്യായാധിപന്മാരെ നോക്കി പറയരുത്. വൈസ് ചാൻസലർ നിയമനം ഗവർണറുടെ അധികാരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന് ഇക്കാര്യത്തി​ൽ അധികാരമി​ല്ല. ഉത്തരവിന്റെ പകർപ്പ് ഗവർണർ വായിക്കുകയും ചെയ്‌തു.

പരിധി വിട്ടാൽ ക്രിമിനൽ നടപടി

* സർക്കാർ പരിധി മറികടന്നാൽ ക്രിമിനൽ നടപടി നേരിടേണ്ടിവരും. എന്റെ നടപടി​കളെ തടയാനും തിരുത്താനും അധികാരം കോടതിക്കാണ്
*കമ്മ്യൂണിസ്റ്റ് ഭരണഘടനയാണ് വലുതെന്ന് കരുതുന്ന ഒരു മന്ത്രി, പാകിസ്ഥാന്റെ ഭാഷയിൽ സംസാരിക്കുന്ന മറ്റൊരാൾ... ഇതൊക്കെയാണ് ഇവിടെ

* ലഹരി ഉപയോഗത്തിൽ കേരളം പഞ്ചാബിനെ മറികടക്കുന്ന സ്ഥിതിയാണ്. ഇക്കാര്യം മറക്കുകയാണ് സർക്കാർ

* കേരളത്തിൽ നിന്ന് മിടുക്കരായ വിദ്യാർത്ഥികൾ പുറത്തേക്കു പോവുന്നു. കേരളത്തിൽ നിക്ഷേപത്തി​ന് ആർക്കും താത്പര്യമില്ല