മരട്: കുമ്പളത്തെ നിയമവിരുദ്ധ തണ്ണീർത്തടം നികത്തലിന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി. 15-ാം വാർഡിൽ പുതുവാഴത്ത് റോഡിൽ നെല്ലിപ്പുഴ ഭാഗത്ത് അനധികൃത നികത്തൽ സംബന്ധിച്ച പരാതിയെ തുടർന്ന് കുമ്പളം വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തിയാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.
കുമ്പളം വില്ലേജ് ബ്ലോക്ക് 15 ൽ റീസർവേ നമ്പർ 232/3 ൽ പെട്ട തണ്ണീർത്തട പ്രദേശമാണ് അനധികൃതമായി നികത്തിവന്നിരുന്നത്. വെള്ളക്കെട്ട് സ്ഥിരമായുള്ള സ്ഥലമാണിത്. വെള്ളത്തിന്റെ നീരൊഴുക്കു തടസപ്പെടുത്തുന്ന രീതിയിലാണ് തണ്ണീർത്തടവും പരിസരവും നികത്തിക്കൊണ്ടിരുന്നത്. വേലിയേറ്റവും വേലിയിറക്കവുമുള്ള സമയത്ത് തണ്ണീർത്തടം നികത്തുന്നതു മൂലം മഴക്കാലത്ത് വെള്ളക്കെട്ട് ഭീഷണിയുയരുംം. പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരുൾപ്പെടെ നിരവധിയാളുകൾ താമസിക്കുന്ന പ്രദേശമാണിവിടം. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി പൊളിച്ച് നീക്കുന്ന മതിലുകളുടെ കല്ലും കട്ടയും ഇടാനെന്ന പേരിലാണ് നികത്തി വന്നിരുന്നത്. എത്രയും വേഗം അനധികൃത തണ്ണീർത്തടം നികത്തലിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് കുമ്പളം ലോക്കൽ സെക്രട്ടറി സുജിത്ത് പഴയകോവിൽ, രെജു കണിയാംതുണ്ടി എന്നിവർ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ എന്നിവർക്ക് പരാതി നൽകിയിരുന്നു.