ഫോർട്ടുകൊച്ചി: പത്ത് ചിത്രകാരന്മാരുടെ ചിത്രപ്രദർശനം മട്ടാഞ്ചേരി ജ്യൂ ടൗണിലെ നിർവാണ ആർട്ട് ഗാലറിയിൽ ആരംഭിച്ചു. ചിത്രകാരനും ഡോക്യുമെന്ററി ഡയറക്ടറുമായ ബിനുരാജ് കലാപീഠം ഉദ്ഘാടനം ചെയ്തു. എസ്.കൃഷ്ണകുമാർ, ശ്രീകാന്ത് നെട്ടൂർ, അവിനാശ് മാത്യു എന്നിവർ പങ്കെടുത്തു. ശ്രീകാന്ത് നെട്ടൂർ കോ ഓർഡിനേറ്റ് ചെയ്യുന്ന പ്രദർശനത്തിൽ ശ്രീജ കളപ്പുരക്കൽ, അർച്ചന കൃഷ്ണൻ, ജോർജ് ജോൺ, സ്നേഹ വിനോദ്, കെ.എസ്.ലാലിമോൻ വരയിടം, പ്രീതി രവി, ബിജു എസ്. എൽ. പുരം, ആശ മോഹൻദാസ്, ആസ്ത എസ്.ശ്രീധർ, വിദ്യാസാഗർ എന്നീ ചിത്രകാരന്മാരാണ് പങ്കെടുക്കുന്നത്. കാൻവാസിൽ ഓയിൽ കളറും അക്രിലിക്കും ഉപയോഗിച്ചും, ജലച്ചായം ഉപയോഗിച്ചും പേപ്പറിലും ഡ്രൈ പേസ്റ്റൽ പേപ്പറിലും മിക്സഡ് മീഡിയവും ചിത്രീകരണത്തിന് ഉപയോഗിച്ചിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള ആക്രമണങ്ങൾ, സാധാരണക്കാരുടെ ജീവിതം, കർഷകർ, കുട്ടിക്കാല കാഴ്ചകളും ജലാശയദൃശ്യങ്ങളും തുടങ്ങിയവ ചിത്രീകരണ വിഷയമായിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 6 മണിവരെയാണ് പ്രദർശന സമയം. 29ന് സമാപിക്കും.