തൃക്കാക്കര: കാക്കനാട് കളക്ടറേറ്റ് വളപ്പിലെ കാനയിൽപ്പെട്ട നായ്ക്കുട്ടികളെ സ്ലാബ് പൊട്ടിച്ച് അഗ്നിരക്ഷാ സേന പുറത്തെടുത്തു. ശനിയാഴ്ച്ച രാവിലെ തൃക്കാക്കര നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതിയായ ഗാർബേജ് ആപ്പിന്റെ ക്യുആർ കോഡ് വീടുകളിൽ പതിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ ഭാരത് മാതാ കോളേജ് വിദ്യാർത്ഥികളാണ് സ്ലാബിട്ട കാനയ്ക്ക് അടിയിൽ നിന്ന് പട്ടിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടത്. നായ്ക്കുട്ടികളെ പുറത്തെടുക്കാൻ വിദ്യാർത്ഥികൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് അവർ തൃക്കാക്കര അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഫയർഫോഴ്സ് സംഘം എത്തി കമ്പിപ്പാരയും പിക്കാസും ഉപയോഗിച്ച് സ്ലാബ് ഇളക്കി മാറ്റി ഏകദേശം പത്ത്- ഇരുപത് ദിവസം പ്രായമായ രണ്ട് പട്ടിക്കുഞ്ഞുങ്ങളെ പുറത്തെടുത്തു. പിന്നീട് കുഞ്ഞുങ്ങളെ സമീപത്തുണ്ടായിരുന്ന തള്ളപ്പട്ടിയുടെ അരികിലെത്തിച്ചു. കാക്കനാട് കളക്ടറേറ്റിൽ ഉപയോഗശൂന്യമായി കിടക്കുന്ന സർക്കാർ വാഹനങ്ങളുടെ ഉള്ളിലും അടിയിലുമായി തെരുവുനായ്ക്കൾ പെറ്റുപെരുകി കളക്ടറേറ്റ് പരിസരത്ത് അലഞ്ഞുതിരിയുകയാണെന്ന് വ്യാപക പരാതിയുരുന്നുണ്ട്.