തോപ്പുംപടി: പടിഞ്ഞാറൻ കൊച്ചിയിലെ കുമ്പളങ്ങി, ചെല്ലാനം ഭാഗത്തേക്ക് പോകാതെ പാതിവഴിയിൽ സ്വകാര്യ ബസുകൾ ട്രിപ്പ് അവസാനിപ്പിക്കുന്നത് നൂറ് കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ആലുവയിൽ നിന്ന് വരുന്ന ബസുകളാണ് തേവര ജംഗ്ഷൻ, മട്ടാഞ്ചേരി ഹാൾട്ട് തുടങ്ങിയ സ്ഥലങ്ങളിൽ വന്ന് തിരിച്ചുപോകുന്നത്.

യാത്രക്കാർ കൂടുതലുള്ള രാവിലെയും വൈകിട്ടും മാത്രമാണ് സ്വകാര്യ ബസുകളുടെ സർവീസ്. രാത്രിയായിക്കഴിഞ്ഞാൽ പലരും തോപ്പുംപടിയിൽ നിന്ന് ഓട്ടോയ്ക്ക് അമിത ചാർജ് നൽകിയാണ് വീടുകളിലെത്തുന്നത്. കുമ്പളങ്ങിയിലേക്ക് പോകേണ്ട ചില ബസുകൾ പെരുമ്പടപ്പിലും ട്രിപ്പുകൾ അവസാനിപ്പിക്കുന്ന സ്ഥിതിയാണ്. അതുപോലെ തന്നെ വില്ലിംഗ്ടൺ ഐലൻഡിലേക്ക് രാവിലെയും വൈകിട്ടും മാത്രം സർവീസ് നടത്തി പകൽ മറ്റു സ്ഥലങ്ങളിക്കോണ് ട്രിപ്പുകൾ നടത്തുന്നത്. പാതിവഴിയിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മട്ടാഞ്ചേരി ജോ.ആർ.ടി.ഒ ക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് യാത്രക്കാർ. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി ഭാഗങ്ങളിൽ നിന്ന് ആലുവ, കാക്കനാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകൾ മരണപ്പാച്ചിലാണ് നടത്തുന്നത്. സ്വകാര്യ ബസുകളുടെ അമിതവേഗമാണ് തോപ്പുംപടി ജംഗ്ഷനിൽ കാൽനട യാത്രക്കാരനായ ഇടക്കൊച്ചി സ്വദേശിയുടെ ജീവൻ കവർന്നത്. പത്ത് ദിവസം കഴിഞ്ഞിട്ടും അപകടം വിതച്ച ബസ് ഡ്രൈവറെ കണ്ടെത്താൻ അധികാരികൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല.