
കോലഞ്ചേരി: അറക്കയ്പ്പടി ജയ് ഭാരത് എൻജിനീയറിംഗ്, പോളിടെക്‌നിക് എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ച സ്‌നേഹഭവനത്തിന്റെ താക്കോൽദാനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ നിർവ്വഹിച്ചു. സ്വന്തമായി വീടില്ലാതിരുന്ന കുമ്മനോട് മേത്തരുകുടിയിൽ അബ്ദുൽ ഖാദറിനാണ് 600 ചതുരശ്രയടി വലിപ്പത്തിൽ 2 കിടപ്പുമുറികളോടുകൂടിയ വീട് നിർമ്മിച്ച് നൽകിയത്. 8 ലക്ഷത്തോളം രൂപ ചിലവ് വന്നു. വിദ്യാർത്ഥികൾ സ്വന്തം ശ്രമഫലമായും മാനേജ്‌മെന്റിന്റെ സഹായത്തോടെയുമാണ് നിർമ്മാണം പൂർത്തീകരിച്ചത് . കോളേജ് ചെയർമാൻ എ.എം. കരീം അദ്ധ്യക്ഷനായി. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എം.ബി. ഹമീദ്, പഞ്ചായത്ത് അംഗങ്ങളായ അനു പത്രോസ്, എം.പി. സുരേഷ്, നിസാർ ഇബ്രാഹിം, എൽ.ഡി.എഫ് കൺവീനർ ജോർജ് ഇടപ്പരത്തി, തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ പി.എ. മുക്താർ, പ്രിൻസിപ്പൽമാരായ ഡോ. ടി.ജി. സന്തോഷ് കുമാർ, ഡോ. പ്രദീപ്കുമാർ, ഡോ. കെ.എ. മാത്യു, ഡോ.ഷെമീർ കെ. മുഹമ്മദ്, പ്രോഗ്രാം ഓഫീസർ എം.എ. അജേഷ് തുടങ്ങിയവർ സംസാരിച്ചു.