
കൊച്ചി: കൈയ്യും കണക്കുമില്ലാതെ പണം ചെലവഴിക്കും, ഫലപ്രാപ്തി രേഖപ്പെടുത്തി സൂക്ഷിക്കാറില്ല. കൊച്ചിയിലെ കൊതുക് നിവാരണ പ്രവർത്തനങ്ങളും അതിന്റെ ധനവിനിയോഗവും സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം കോർപ്പറേഷൻ നൽകിയ മറുപടിയുടെ പ്രസക്തഭാഗമാണിത്.
കൊതുക് നിവാരണത്തിന്റെ പേരിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 92 കോടിരൂപ കൊച്ചി കോർപ്പറേഷൻ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എന്നിട്ടും നഗരവാസികൾ കൊതുക് ശല്യം കാരണം പൊറുതിമുട്ടുകയാണ്. അതിനിടെയാണ് അനുവദിച്ച തുകയിൽ എത്ര ചെലവഴിച്ചു, എന്തൊക്കെ ചെയ്തു എന്നറിയാനുള്ള പൗരാവകാശത്തെ വിചിത്രമായ മറുപടിയിലൂടെ അധികൃതർ പരിഹസിക്കുന്നത്.
നിലവിൽ കൊതുക് നിവാരണത്തിന് ഫോഗിംഗ്, സ്പ്രേയിംഗ്, കാനകളിലെ നീരൊഴുക്ക് സുഗമമാക്കൽ, കാട് വെട്ടിത്തെളിക്കൽ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ, ഡ്രൈഡേ ആചരണം എന്നിവ കൃത്യമായ ഇടവേളകളിൽ ചെയ്യുന്നുണ്ട്. അവയുടെ പ്രവർത്തനഫലം സംബന്ധിച്ച് ഫയലിൽ പ്രത്യേക രേഖപ്പെടുത്തലുകളൊന്നും നടത്തുന്നില്ലെന്നാണ് മറുപടിയിൽ പറയുന്നത്. പണത്തിന്റെ വിനിയോഗം സംബന്ധിച്ച മറുപടിയും അതിലേറെ വിചിത്രം. കൊതുക് നിവാരണത്തിന് പ്ലാൻഫണ്ടും ഓൺ ഫണ്ടും ചെലവഴിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ വിവിധ ഫയലുകളിലാണ്. അത് ക്രോഡീകരിച്ച് സൂക്ഷിക്കാറില്ല എന്നാണ് വിശദീകരണം.
നിത്യേനയുള്ള ശുചീകരണ പ്രവർത്തനങ്ങളും കൊതുകു നിവാരണത്തിന്റെ അക്കൗണ്ടിലാണ് കാണിച്ചിരിക്കുന്നത്. സ്ഥിരം തൊഴിലാളികൾക്കു പുറമെ ദിവസവേതനാടിസ്ഥാനത്തിൽ മൂന്ന് തൊഴിലാളികളെയും നിയമിച്ച് ശുചീകരണം നടത്തുന്നുണ്ട്. ഇതിന് പുറമെ ഊർജ്ജിത ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി ആറ് അംഗങ്ങൾ വീതമുള്ള എഴ് ടാസ്ക് ഫോഴ്സും രൂപീകരിച്ചിട്ടുണ്ട് എന്നൊക്കെയാണ് മട്ടാഞ്ചേരി സ്വദേശി ഗോവിന്ദൻ നമ്പൂതിരിയുടെ വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിൽ പറയുന്നത്.
 കോർപ്പറേഷന്റ കൊതുക് ബഡ്ജറ്റ്
2014- 15 ........... 10 കോടി രൂപ
2015-16................10
2016-17................ 8
2017-18................10
2018-19.................10
2019-20.................10
2020-21.................12
2021-22.................10
2022- 23................12