
വൈപ്പിൻ: കാസർകോട് തിരുവനന്തപുരം തീരദേശ ഹൈവേയുടെ ഭാഗമായ വൈപ്പിൻ മുനമ്പം പാതയുടെ വിശദ പദ്ധതിരേഖ അടുത്തമാസം പൂർത്തിയാകും. കരാറുകാരായ എൽ ആൻഡ് ടി തയ്യാറാക്കിയ ഡി.പി.ആർ ഹൈവേയുടെ നിർമ്മാണച്ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡിന് സമർപ്പിക്കും. ഒമ്പതു ജില്ലകളെ ബന്ധിപ്പിച്ച് 6500 കോടി രൂപ ചെലവിലാണ് തീരദേശ ഹൈവേ നിർമിക്കുന്നത്. വൈപ്പിൻ മണ്ഡലത്തിൽ പാതയുടെ അലൈൻമെന്റ് നേരത്തേ തീരുമാനിച്ചിട്ടുണ്ട്. ഫോർട്ട് വൈപ്പിൻ, പുതുവൈപ്പ് ബീച്ച്, മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ്, കടപ്പുറം, അണിയിൽ ബീച്ച്, കുഴുപ്പിള്ളി ബീച്ച്, ചെറായി ബീച്ച് എന്നിവിടങ്ങളിലൂടെയാണ് തീരദേശപാത മുനമ്പത്തെത്തുന്നത്. അലൈൻമെന്റിന് അന്തിമരൂപം നൽകുന്നതിന്റെ ഭാഗമായി കെ.ആർ.എഫ്.ബി. സംഘം ഈമാസം ആദ്യം വിവിധ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. 13.52 ഹെക്ടറാണ് വൈപ്പിനിൽ ഏറ്റെടക്കേണ്ടിവരിക. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന പാതയുടെ രണ്ടറ്റത്തെയും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി അലൈൻമെന്റിൽ ക്രമീകരണങ്ങൾ ഉണ്ടാകും. 600 കി.മി. നീളത്തിൽ 14 മീറ്റർ വീതിയിലാണ് ഹൈവേ പൂർത്തിയാക്കുക. സൈക്കിൾ പാത, ബസ് ബേകൾ, ഡ്രയിനേജ് സംവിധാനം, നടവഴികൾ എന്നിവയും പാതയുടെ ഭാഗമായി ഉണ്ടാകും. ഹൈവേയിൽ വൈപ്പിനെയും ഫോർട്ട്‌കൊച്ചിയെയും ബന്ധിപ്പിക്കാനുള്ള സംവിധാനത്തെ കുറിച്ച് പരിശോധന നടന്നുവരികയാണ്. ഭൂഗർഭ പാതയോ എലിവേറ്റഡ് ഹൈവേയോ നിർമ്മിക്കുന്നതിന്റെ സാധ്യത പഠിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതിനായി എൽ.ആൻഡ്.ടിയെ തന്നെയാണ് നിയോഗിച്ചിട്ടുള്ളത്. ഭൂഗർഭ പാതക്ക് 1200 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കുന്നു. കടൽതട്ടിന് 35 മീറ്റർ വരെ താഴെ നിർമ്മിക്കുന്ന ഭൂഗർഭ പാത രാജ്യത്ത് ആദ്യത്തേതായിരിക്കും.
വസ്തുവകകൾ നഷ്ടമാകുന്നവർക്ക് സമഗ്ര പുനരധിവാസ പദ്ധതിയും മികച്ച നഷ്ടപരിഹാരവും സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്
കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ