
ആലുവ: മുംബയിൽ നിന്ന് കൊറിയറിൽ മയക്കുമരുന്ന് കടത്തിയകേസിൽ അങ്കമാലിയിൽ പിടിയിലായ അജ്മലിനെ ആലുവ കുട്ടമശേരിയിൽ മയക്കുമരുന്ന് എത്തിച്ച കേസിലും അറസ്‌റ്റ് ചെയ്‌തു. അങ്കമാലി പൊലീസ് പിടികൂടിയ ചെങ്ങമനാട് പനയക്കടവ് നീലത്ത് പള്ളത്ത് വീട്ടിൽ അജ്മലിനെ (24) റിമാൻഡ് ചെയ്‌തിരുന്നു. ഇതിനിടെയാണ് ആലുവ കേസിലും അജ്‌മലിന്റെ പങ്ക് കണ്ടെത്തിയ സാഹചര്യത്തിൽ വീണ്ടും അറസ്‌റ്റ് ചെയ്‌തത്.
20 ലക്ഷത്തോളം രൂപ വിലയുള്ള 200 ഗ്രാം എം.ഡി.എം.എയാണ് കുട്ടമശേരിയിലെ കൊറിയർ സ്ഥാപനം വഴി ഇയാൾ നാട്ടിലെത്തിച്ചത്. മുംബയിൽ മലയാളികൾക്ക് മയക്കുമരുന്ന് കൈമാറുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ആലുവ സി.ഐ എൽ. അനിൽകുമാർ പറഞ്ഞു. പ്രതിയെ ഇന്നലെ വീണ്ടും ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.