
കൊച്ചി: നഗരത്തിലെ ഇടറോഡുകളിലെ കുഴികളും റോഡരികുകളിലെ കട്ടിംഗുകളും യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡിലെ കുഴികൾ അപകടങ്ങൾ വരുത്തിവയ്ക്കുമ്പോഴും അറ്റകുറ്റപ്പണികൾ കാര്യമായി നടക്കുന്നില്ല.
കെ.പി.സി.സി ജംഗ്ഷൻ, വുഡ്‌ലാൻഡ്‌സ് ജംഗ്ഷൻ, കൃഷ്ണ ആശുപത്രിക്ക് സമീപം, ഷേണായിസ് തീയേറ്ററിന് സമീപത്തെ റോഡ്, തമ്മനം- പുല്ലേപ്പപടി റോഡ് എന്നിവിടങ്ങളിലെല്ലാം കുഴികളും കട്ടിംഗും പതിയിരിപ്പുണ്ട്.
എം.ജി റോഡിൽ വുഡ്‌ലാൻഡ്സ് ജംഗ്ഷനിൽ കാർ കുഴിയിൽ വീണതിനു പിന്നാലെ ആരംഭിച്ച അറ്റക്കുറ്റപ്പണി രണ്ടാഴ്ച പിന്നിട്ടിട്ടും പൂർത്തിയായിട്ടില്ല. ഈ ഭാഗം പ്ലാസ്റ്റിക് കയർ കെട്ടി തിരിച്ചെങ്കിലും അപകടം ഒഴിയുന്നില്ല.
കെ.പി.സി.സി ജംഗ്ഷനിൽ നിന്ന് എം.ജി റോഡിലേക്ക് പ്രവേശിക്കുന്നയിടത്തെ സ്ലാബുകൾ ഇളകിക്കിടക്കുകയാണ്. ഇത് ഇരുചക്ര വാഹന യാത്രികരെ അപകടഭീതിയിലാഴ്ത്തുന്നു. ഇവിടെ റോഡരികിലെ കട്ടിംഗും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ചിറ്റൂർ റോഡിൽ കൃഷ്ണ ആശുപത്രിക്ക് സമീപത്തെ കുഴികൾ ഒരു മാസം മുൻപ് മൂടിയെങ്കിലും വീണ്ടും പൊട്ടിപ്പൊളിഞ്ഞു.
ഗാന്ധിനഗർ ഫയർ സ്റ്റേഷന് മുന്നിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗം താത്കാലികമായി ടാർ ചെയ്‌തെങ്കിലും ആഴ്ചകൾ പിന്നിട്ടപ്പോഴക്കും പൊട്ടിപ്പൊളിയാൻ തുടങ്ങി. മെറ്റൽ റോഡിൽ നിരന്നതോടെ ഇരുചക്ര വാഹനയാത്രക്കാർക്ക് ദുരിതമേറി. ഇവിടെ നിന്ന് കലൂർ- കടവന്ത്ര റോഡിലേക്ക് കടക്കുന്ന ഭാഗവും കുളമായിക്കിടക്കുകയാണ്. ഫയർ സ്റ്റേഷന് സമീപത്ത് നിന്ന് കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിക്ക് സമീപം വരെയുള്ള സ്ഥലത്ത് ഒച്ചിഴയുംപോലെ മാത്രമേ വാഹനങ്ങൾ നീങ്ങത്തുള്ളൂ.
തമ്മനത്ത് എന്നും കുരുക്ക്
തമ്മനത്ത് നിന്നും പുല്ലേപ്പടിയിൽ നിന്നും വരുന്ന വാഹനങ്ങൾ സ്റ്റേഡിയം ലിങ്ക് റോഡിന് സമീപമെത്തുമ്പോൾ കുരുക്കിൽപ്പെടും. തമ്മനം ജംഗ്ഷനിലും കാരണക്കോടത്തുമെല്ലാം ടാറ് പൊട്ടിപ്പൊളിഞ്ഞും ഇന്റർലോക്ക് കട്ടകൾ ഇളകിയും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ മെല്ലെപ്പോകുന്ന ഇവിടെ മഴകൂടി പെയ്യുന്നതോടെ വൻ കുരുക്കാകും.
പത്മ തിയേറ്ററിന് സമീപവും മാധവാ ഫാർമസിക്ക് സമീപവും കച്ചേരിപ്പടിയിൽ എക്‌സൈസ് ഓഫീസ് ജംഗ്ഷനിലും മുല്ലശേരി കനാൽ റോഡിലും സ്ലാബ് തകർന്ന് കിടക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്.
ഉദ്യോഗസ്ഥർ നഗരസഭയേയും നഗരസഭ ഉദ്യോഗസ്ഥരെയും കരാറുകാരെയും കുറ്റംപറഞ്ഞ് കൈകഴുകുന്നതല്ലാതെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നില്ല.