boat

കൊച്ചി: കൊച്ചിക്കായലിൽ എ.സി ബോട്ടുകളുമായി ജലമെട്രോ അടുത്ത മാസം സർവീസ് ആരംഭിക്കുമ്പോൾ നിലവിൽ കുത്തകയുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ടുകളുമായുള്ള മത്സരത്തിന് തുടക്കമാകും. ജലമെട്രോയുടെ വരവ് ബാധിക്കില്ലെന്നാണ് ജലഗതാഗത വകുപ്പിന്റെ നിലപാട്.
പതിറ്റാണ്ടുകളായി സർവീസ് നടത്തുന്ന എറണാകുളം-വൈപ്പിൻ റൂട്ടിലാണ് ജലമെട്രോ ആദ്യം ഓടിത്തുടങ്ങുക. മട്ടാഞ്ചേരി, ബോൾഗാട്ടി, ടെർമിനലുകൾ കൂടി റെഡിയാകുമ്പോൾ അവിടേക്കും സർവീസ് നീട്ടും.

ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ എറണാകുളം, ഐലൻഡ് എംബാർക്കേഷൻ, ഫോർട്ടുകൊച്ചി, വൈപ്പിൻ ജെട്ടികളിലൂടെയാണ് ഓടുന്നത്. ഇപ്പോൾ ഐലൻഡിലേക്കും ഫോർട്ടുകൊച്ചിയിലേക്കുമുള്ള യാത്രക്കാർക്ക് ജലമെട്രോ ഉപകരിക്കില്ല. ജലമെട്രോ ടെർമിനൽ ഹൈക്കോടതി ഭാഗത്താണ്. ഇവിടെ നിന്ന് വൈപ്പിനിലേക്ക് ഗോശ്രീ പാലം വഴി തുടരെ ബസുകളുമുണ്ട്. വൈപ്പിനിൽ ഇറങ്ങി വേറെ ബസ് കയറേണ്ട ആവശ്യം യാത്രക്കാർക്കില്ല. വൈപ്പിൻ ബസുകൾക്ക് കൊച്ചി നഗരത്തിലേക്ക് താമസിയാതെ പ്രവേശനം ലഭിക്കുന്നതോടെ യാത്ര കൂടുതൽ സൗകര്യപ്രദമാകും. ടൂറി​സ്റ്റുകൾക്കുള്ള ഉല്ലാസബോട്ടുകളുടെ ജെട്ടി​കൾ ഹൈക്കോടതി​ പരി​സരത്താണ്. ഇതി​ന്റെ ഗുണം മെട്രോബോട്ടുകൾക്ക് ലഭി​ക്കുമെന്നാണ് വി​ലയി​രുത്തൽ.

രണ്ട് ഷെഡ്യൂളുകൾ

നിലവിൽ ഈറൂട്ടിൽ 100 സീറ്റിംഗ് കപ്പാസിറ്റിയുള്ള രണ്ട് ഷെഡ്യൂളുകളുണ്ട. ഇത് അര മണിക്കൂർ ഇടവിട്ട് രാവിലെ 5.30 മുതൽ രാത്രി 9.30 വരെ സ‌ർവീസ് നടത്തും. രാവിലെയും വൈകിട്ടും അഞ്ച് സ‌‌ർവീസുകൾ നിറഞ്ഞാണ് എത്തുന്നത്. ബാക്കി സ‌ർവീസുകളിൽ പകുതിയിലധികം പേരുമുണ്ടാകും. കൂടുതൽ ആളുകൾ ഉള്ള സമയത്ത് മറ്റ് ഷെഡ്യൂളുകളും ഇവിടേക്ക് അയയ്ക്കും. നിലവിൽ പ്രതിദിനം എറണാകുളം ജില്ലയിൽ 75,000 - 1,00,000 രൂപ ശരാശരി​ വരുമാനമുണ്ട്. ഏറ്റവും കൂടുതൽ വരുമാനം എറണാകുളം - ഫോർട്ടുകൊച്ചി റൂട്ടിലാണ്

മെഡൽ ബോട്ടുകൾ

മുഖ്യ ആകർഷണം

ആറ് രൂപ ടിക്കറ്റ് നിരക്കിൽ 25 മിനിറ്റുകൊണ്ട് പോയി വരാവുന്ന റൂട്ടിൽ 20 രൂപയോളമാകും ജലമെട്രോ ബോട്ടുകളുടെ നിരക്ക്. ജലമെട്രോയുടെ സുന്ദരമായ പുതിയ മോഡൽ ബോട്ടുകളിലേക്ക് സഞ്ചാരികളും മറ്റും ഒഴുകുമെന്ന് ഉറപ്പാണ്. ഇരട്ടഹള്ളുള്ള ബോട്ടിലെ ഉൾഭാഗം മെട്രോട്രെയിന് സമാനമാണ്. സുരക്ഷയേറും. യാത്രാസുഖവുമുണ്ട്. അഞ്ച് ബോട്ടുകളുമായാണ് ജലമെട്രോ കന്നി​ സർവീസ്.

ഡിസംബറിൽ പുതിയ കറ്റാമരൻ ബോട്ട്

ജലഗതാഗത വകുപ്പിന്റെ അഞ്ചാമത്തെ കറ്രാമരൻ ബോട്ട് ഡിസംബറിൽ സർവീസ് ആരംഭിക്കും. ഇരട്ടഹള്ളുള്ള 100 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടാണിത്. ചെലവ് കുറഞ്ഞതും എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടിയതാണ് ബോട്ട്. പഴഞ്ചൻ ബോട്ടുകൾ എല്ലാം ഒഴിവാക്കുകയാണ് ലക്ഷ്യം. 2023ൽ അടുത്ത രണ്ട് ബോട്ടുകൾ കൂടി നീറ്റിലിറങ്ങും. 1.45 കോടി രൂപയാണ് ബോട്ടിന്റെ നിർമ്മാണ ചെലവ്.