
കോലഞ്ചേരി: കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ 140 കിലോ മീറ്ററിൽ അധികംവരുന്ന റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടെന്ന സർക്കാർ തീരുമാനം ഇടുക്കിക്കാർക്ക് ഇരുട്ടടിയാകുന്നു. എറണാകുളത്ത് നിന്ന് ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള 70ലധികം സ്വകാര്യബസുകൾ നിരത്തൊഴിയേണ്ടിവരുമെന്നതാണ് കാരണം. കട്ടപ്പന, കുമളി, പൂപ്പാറ, നെടുങ്കണ്ടം, വട്ടവട, കാന്തല്ലൂർ എന്നിവിടങ്ങളിൽ യാത്രാക്ലേശത്തിന് വഴിയൊരുക്കും. കാന്തല്ലൂരിലേയ്ക്ക് മാത്രം പത്തിലധികം സ്വകാര്യ സർവ്വീസുകൾ ഉണ്ടായിരുന്ന റൂട്ടിൽ തിരുവനന്തപുരത്ത് നിന്ന് വരുന്ന ഒരു കെ.എസ്.ആർ.ടി.സി മാത്രമാണിപ്പോഴുള്ളത്. ബസുകളുടെ പെർമിറ്റുകൾ റദ്ദാക്കുമ്പോൾ ബദൽ മാർഗങ്ങൾ ഒരുക്കിയിട്ടില്ലെന്ന ആരോപണമുണ്ട്.
പുതിയ ഉത്തരവ് പ്രകാരം പതിറ്റാണ്ടുകളായി രാത്രികാല സർവീസുൾപ്പെടെ നടത്തുന്ന ബസുകളാണ് കളംവിടുക. 2013ൽ സ്വകാര്യ ബസുകൾക്ക് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് പെർമിറ്റുകൾ നൽകേണ്ടെന്ന സർക്കാർ തീരുമാനത്തെ തുടർന്ന് ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി സർവ്വീസുകളായി സ്പെഷ്യൽ പെർമിറ്റിലാണ് സ്വകാര്യ ബസുകൾ ഇടുക്കിയിലെ വിവിധ പ്രദേശങ്ങളിലേയ്ക്ക് സർവ്വീസ് നടത്തുന്നത്. ആദിവാസി മേഖലയായ ഇടുക്കിയിലെ ഉൾപ്രദേശങ്ങളിൽ നിന്ന് അവരുടെ യാത്ര സൗകര്യത്തിനായി പെർമിറ്റ് അനുവദിക്കണമെന്ന സ്വകാര്യ ബസുകാരുടെ അപേക്ഷയിലാണ് സ്പെഷ്യൽ പെർമിറ്റ് അനുവദിച്ചത്. ഇനി മുതൽ സ്പെഷ്യൽ പെർമിറ്റ് പുതുക്കേണ്ടെന്നാണ് സർക്കാർ നിലപാട്.
ബദൽ സംവിധാനമൊരുക്കാൻ കെ.എസ്.ആർ.ടി മൂന്നാർ ഡിപ്പോയുടെ സഹായം തേടിയെങ്കിലും ബസുകളില്ലെന്ന് പറഞ്ഞൊഴിഞ്ഞു. കാന്തല്ലൂരിൽ നിന്ന് സർവീസ് തുടങ്ങുന്ന ബസ് പെരുമ്പാവൂരോ, ആലുവയിലോ യാത്ര അവസാനിപ്പിക്കും വിധം ദൈർഘ്യം കുറച്ച് പെർമിറ്റ് പുതുക്കിയാൽ പ്രശ്നത്തിന് പരിഹാരം കാണാം. എന്നാൽ സ്വകാര്യ ബസ്സുടമകൾ ഇതിന് തതയ്യാറല്ല. കശക്ഷൻ കുറയുമെന്നതാണ് കാരണം. എറണാകുളം മുതൽ തുടങ്ങുന്ന ഒരുദീർഘദൂര സർവ്വീസുകൾക്ക് 5000 മുതൽ 7000 വരെ കളക്ഷൻ ലാഭമുണ്ട്.