കളമശേരി: ലഹരി ഉപയോഗത്തിനെതിരെ ക്രിയാത്മക യുവത്വം എന്ന മുദ്രാവാക്യവുമായി കളമശേരി മണ്ഡലത്തിൽ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ കുസാറ്റ്, കേരള സ്‌പോർട്സ് കൗൺസിൽ, യുവജനക്ഷേമ ബോർഡ് തുടങ്ങിയവ സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന മിനി മാരത്തൺ ശ്രദ്ധേയമായി.
യു.സി കോളേജിൽ നിന്ന് ആരംഭിച്ച മാരത്തൺ മന്ത്രി പി.രാജീവും ഫുട്ബാൾ താരം സി.കെ.വിനീതും ഒളിമ്പ്യൻ മേഴ്സിക്കുട്ടന്റെ സാന്നിധ്യത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. യു.സി കോളജിൽ നിന്ന് കളമശേരി വരെ 18.5 കിലോമീറ്ററിലാണ് മാരത്തൺ സംഘടിപ്പിച്ചത്.
പദ്ധതിയുടെ ഭാഗമായി വാർഡ്തലത്തിൽ ജനകീയ ജാഗ്രതാ സമിതികൾ രൂപീകരിക്കും. ഫുട്ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, കബഡി, അത്‌ലറ്റിക്സ് എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിക്കും.വിജയികൾക്ക് മിനിസ്റ്റേഴ്സ് ട്രോഫി സമ്മാനിക്കും. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾ ഏപ്രിലിൽ ആരംഭിക്കുന്ന സ്‌പോർട്സ് അക്കാഡമി പ്രവേശനത്തിന് യോഗ്യത നേടും. മാരത്തൺ വനിതാ വിഭാഗത്തിൽ എം.എ. കോളേജ് സ്‌പോർട്സ് അക്കാഡമിയിലെ കെ.ശ്വേതയും പുരുഷ വിഭാഗത്തിൽ ഷെറിൻ ജോസും വിജയികളായി.
ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, യു.സി കോളേജ് പ്രിൻസിപ്പൽ ഡോ.പുന്നൂസ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.