കൊച്ചി: ടി.എസ്.എലിയറ്റിന്റെ 'ദി വെയ്സ്റ്റ് ലാൻഡ് ' കവിതയുടെ നൂറാം വാർഷികം അയ്യപ്പൻകാവ് തിലക് ലൈബ്രറിയിൽ ആഘോഷിച്ചു. മുൻ എം.പി ഡോ.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. വിവിധ സംസ്‌കാരങ്ങൾ രൂപപ്പെടുത്തിയ സങ്കേതങ്ങളിൽ നിന്നുള്ള പരാമർശങ്ങളും ഉപമകളും രൂപകങ്ങളും ബിംബങ്ങളും ഉൾച്ചേർത്ത് എഴുതിയ ഇതിഹാസ സമാനമായ കാവ്യമാണ് ദി വെയ്സ്റ്റ് ലാൻഡ് എന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു. കൗൺസിലർ മിനി ദിലീപ് നൂറ് ദീപങ്ങളിൽ ആദ്യത്തേത് തെളിയിച്ചു. കവി കെ.വി. അനിൽകുമാർ 'ദി വെയ്സ്റ്റ് ലാൻഡിനെ' കുറിച്ച് പ്രഭാഷണം നടത്തി. തിലക് ലൈബ്രറി പ്രസിഡന്റ് കെ. വി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.കെ.ശിവൻ, തിലക് ലൈബ്രറി ജോയിന്റ് സെക്രട്ടറി ജീവൻലാൽ മൈക്കിൾ, കൺവീനർ എ.പൗലോസ് എന്നിവർ സംസാരിച്ചു.