കളമശേരി: സംസ്ഥാന, ജില്ലാതല സ്‌പോർട്സ് കൗൺസിലുകളിൽ നിന്നുമാറി പഞ്ചായത്തുതല സ്‌പോർട്സ് കൗൺസിലുകൾ ആരംഭിക്കുമെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. കുസാറ്റിൽ യുവതയ്ക്ക് ഒപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് - നഗരസഭാതല കായിക മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുസാറ്റിൽ ആറ് കോടി രൂപ മുതൽ മുടക്കിൽ അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയവും ഫുട്ബാൾ സ്റ്റേഡിയവും വരും. കായിക മേഖലയിൽ അടിസ്ഥാനസൗകര്യ വികസനത്തിന് 1500 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായി 112 പഞ്ചായത്തുകളിൽ 1200 ലക്ഷം രൂപ ചെലവഴിച്ചെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. വിവിധ കായിക ഇനങ്ങളിൽ കഴിവുള്ളവരെ കണ്ടെത്തി പരിശീലനം നൽകുന്ന പദ്ധതിയുടെ ഭാഗമായി ഫുട്ബാൾ കോച്ചിംഗ് ഉദ്ഘാടന ദിവസം തന്നെ ആരംഭിക്കും. ബാഡ്മിന്റൺ അടക്കമുള്ളവയിൽ ആധുനിക പരിശീലനം നൽകാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി രാജീവ് പറഞ്ഞു. കളമശേരി നഗരസഭാ ചെയർപേഴ്സൺ സീമാ കണ്ണൻ, ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലതാ ലാലു, ഡോ. ജോ.ജോസഫ്, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്സിക്കുട്ടൻ, കൗൺസിൽ അംഗം ജോർജ് തോമസ്, ചലച്ചിത്ര താരം മുരളീ മോഹൻ, യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ എ.ആർ.രഞ്ജിത്ത്, പദ്ധതിയുടെ വൈസ് ചെയർമാനായ മൊയ്തീൻ നൈന , കോ-ഓർഡിനേറ്റർ എം.ഗോപകുമാർ എന്നിവർ പങ്കെടുത്തു.