
പറവൂർ: ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച പറവൂർ മുസിരിസ് ജലോത്സവത്തിൽ താണിയനും ഗോതുരുത്തും ജേതാക്കൾ. എ ഗ്രേഡ് ഫൈനലിൽ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗൺ തുഴഞ്ഞ താണിയൻ മലർവാടി ബോട്ട് ക്ലബിന്റെ ഗോതുരുത്തുപുത്രനെ പരാജയപ്പെടുത്തി. സത്താർ ഐലൻഡ് ഗരുഡ ബോട്ട് ക്ലബ്ബിന്റെ മയിൽപ്പീലിയെ തോൽപ്പിച്ചാണ് ബി ഗ്രേഡ് ഫൈനലിൽ ഗോതുരുത്ത് ബോട്ട് ക്ലബിന്റെ ഗോതുരുത്ത് ജയിച്ചത്. എ ഗ്രേഡ് രണ്ടാം സെമി ഫൈനലിൽ താണിയനും തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ തുരുത്തിപ്പുറം വള്ളവും തമ്മിൽ നടന്ന മത്സരത്തിൽ ഒരുവള്ളത്തെ വിജയിയായി പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല. പലതവണ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഇരുവള്ളങ്ങളും ഒപ്പത്തിനൊപ്പം ഫിനിഷിംഗ് ലൈൻ പിന്നിട്ടതായാണ് കണ്ടത്. തുടർന്ന് ഇരു വള്ളങ്ങളുടെയും ക്യാപ്റ്റന്മാരുടെ സമ്മതത്തോടെ രണ്ടാമത് മത്സരം നടത്തുകയും താണിയൻ വിജയിച്ച് ഫൈനലിൽ എത്തുകയും ചെയ്തു. ജലമേള കാണാൻ ഒട്ടേറെ ജലോത്സവ പ്രേമികൾ തട്ടുകടവ് പുഴയുടെ ഇരുകരകളിലും തടിച്ചുകൂടി. ഇഷ്ടപ്പെട്ട വള്ളങ്ങൾക്കായി ആർപ്പുവിളിച്ചും താളത്തിൽ ചുവടുവച്ചും അവർ ജലമേള ആഘോഷമാക്കി.
ചെറിയപല്ലംതുരുത്ത് പ്രിയദർശിനി കലാസാംസ്കാരിക സമിതി സംഘാടകരായ ജലോത്സവത്തിന്റെ മുഖ്യ സ്പോൺസർ "പൊൻകതിർ ഫുഡ്സ് ആയിരുന്നു. ഹൈബി ഈഡൻ എം.പി ജലോത്സവം ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. ക്ലബ് രക്ഷാധികാരി അജിത് വടക്കേടത്ത് പതാക ഉയർത്തി. എസ്. ശർമ്മ ഫ്ലാഗ്ഓഫ് ചെയ്തു. കെ.പി. ധനപാലൻ തുഴ കൈമാറി. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി പ്രമുഖരെ ആദരിച്ചു. പൊൻകതിർ മാനേജിംഗ് ഡയറക്ടർ പി.ആർ. ബിജോയ്, ചിറ്റാറ്റുകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. അരുഷ്, ക്ലബ് പ്രസിഡന്റ് പ്രിൻസൻ തോമസ്, സെക്രട്ടറി എം.ജി. ബാബു എന്നിവർ സംസാരിച്ചു. പറവൂർ പൊലീസ് ഇൻസ്പെക്ടർ ഷോജോ വർഗീസ് സമ്മാനവിതരണം നടത്തി.