hh


തൃക്കാക്കര: വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നിർമ്മിച്ച വനിതാ വ്യവസായ കേന്ദ്രത്തിന്റെ പേരിൽ പാഴാക്കിക്കളഞ്ഞത് 1.34 കോടി രൂപ. വർഷാവർഷം കെട്ടിട നിർമ്മാണത്തിനുംനവീകരണത്തിനുമൊക്കെയായി നഗരസഭ കോടികൾ ചെലവഴിക്കുന്നുണ്ടെങ്കിലും ഒരു വനിതയ്ക്ക് പോലും ഈ കെട്ടിടം കൊണ്ട് പ്രയോജനം ലഭിച്ചിട്ടില്ല. ഓരോ വർഷവും ലക്ഷങ്ങൾ നവീകരണത്തിന് ചെലവഴിക്കുന്ന നഗരസഭ വനിതകൾക്ക് വ്യവസായം തുടങ്ങുന്നതിന് യാതൊരു പ്രോത്സാഹനം നൽകുന്നില്ല.

2013-18 കാലഘട്ടത്തിൽ മാത്രം വനിതാ വ്യവസായ കേന്ദ്രത്തിലെ പൊതുമരാമത്ത് വർക്കുകളിൽ വീണ്ടും 81 ലക്ഷം പാഴാക്കിയതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ 2017-18,2018-19 കാലഘട്ടത്തിൽ ഇത് സംബന്ധിച്ച് പലതവണ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ടായെങ്കിലും നഷ്ടം പരിഹരിക്കാനോ പിഴവുകൾ തിരുത്താനോ അധികൃതർ നടപടി സ്വീകരിച്ചില്ല. ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ കുടുംബശ്രീ പ്രവർത്തനമുള്ള നഗരസഭയാണ് തൃക്കാക്കര. കെട്ടിടം നിർമ്മിച്ച് പത്ത് വർഷം പിന്നിടുമ്പോഴും വനിതകൾക്ക് യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല. സ്വയംതൊഴിൽ ആരംഭിക്കുന്നതിന് നൂറുകണക്കിന് അപേക്ഷകരുള്ളപ്പോഴാണ് നഗരസഭയുടെ അനാസ്ഥ. തയ്യൽ യൂണിറ്റ് തുടങ്ങുന്നതിന് മാത്രം 100 അപേക്ഷകളാണ് നഗരസഭയ്ക്ക് ലഭിച്ചിരിക്കുന്നത്. കൂടാതെ കുടുംബശ്രീ വനിതകൾക്കായി സമഗ്ര പദ്ധതി മൂന്ന് വർഷം മുമ്പ് സമർപ്പിച്ചിരുന്നു. വാർഡ് അടിസ്ഥാനത്തിൽ തൊഴിൽ സഭകൾ വഴി കൂടുതൽ പേർക്ക് ജോലി ലഭ്യമാക്കാനുള്ള സർക്കാർ യത്നത്തിനും തിരിച്ചടിയാവുകയാണ് നഗരസഭയുടെ നടപടി.

വ്യവസായ കേന്ദ്രം കെ.വിക്ക് നൽകാനുള്ള നീക്കം വിവാദത്തിൽ

വനിതാ വ്യവസായ കേന്ദ്രത്തിൽ കേന്ദ്രീയ വിദ്യാലയം ആരംഭിക്കാനുള്ള നഗരസഭയുടെ തീരുമാനം വിവാദത്തിൽ. വനിതകൾക്ക് സ്വയംതൊഴിൽ ആരംഭിക്കുന്നതിനായി സർക്കാർ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുന്നതിനിടെയാണ് നഗരസഭാ ഈ സ്ഥലവും കെട്ടിടവും കേന്ദ്രീയ വിദ്യാലയത്തിനായി താത്കാലികമായി വിട്ടുകൊടുക്കാനൊരുങ്ങുന്നത്. കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിന് തെങ്ങോട് പഴങ്ങാട്ടുചാൽ പാടശേഖരമാണ് കണ്ടെത്തിയത്. നാലേക്കർ പാടശേഖരം നികത്താൻ നഗരസഭ നാല് കോടി രൂപ ചെലവഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ പാടശേഖരം നികത്തിയാൽ തെങ്ങോട്, നവോദയ തുടങ്ങിയ തൃക്കാക്കരയുടെ കിഴക്കൻ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന് വാർഡ് കൗൺസിലർ അടക്കമുള്ളവർ നിലപാട് സ്വീകരിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ കാക്കനാട് എൽ.പി സ്കൂൾ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിന് വിട്ടുകൊടുക്കാൻ നീക്കം നടന്നെങ്കിലും പി.ടി.എ ശക്തമായി രംഗത്ത് വന്നതോടെ അത് അവസാനിപ്പിച്ചു. കൂടാതെ വനിതാ വ്യവസായ കേന്ദ്രത്തിൽ കേന്ദ്രീയ വിദ്യാലയം തുടങ്ങണമെങ്കിൽ രണ്ട് കോടി മുടക്കി നവീകരിക്കേണ്ടതുണ്ട്.



2003-04 കേരള വികസന പദ്ധതിയിൽപ്പെടുത്തിയാണ് എസ്.സി-എസ്.ടി വിഭാഗക്കാർക്കും ജനറൽ വിഭാഗക്കാർക്കുമായി അന്നത്തെ പഞ്ചായത്ത് ഭരണസമിതി 26,15,075 രൂപ മുടക്കി തെങ്ങോട് 1.47 ഏക്കർ ഭൂമി വാങ്ങിയത്. 2009 ലെ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് നില കെട്ടിടവും ഒരു രണ്ടുനില കെട്ടിടവും നിർമ്മിച്ച്‌ 2009 ജൂൺ 26 ന് ഉദ്ഘാടനം ചെയ്തു.ഒരു കെട്ടിടം പട്ടികജാതി വിഭാഗക്കാർക്കായുംമറ്റൊന്ന് ജനറൽ വിഭാഗക്കാർക്കായാണ് നീക്കിവച്ചത്.