 
കൊച്ചി: അന്തരിച്ച പ്രശസ്ത ചിത്രകാരൻ സി.എൻ.കരുണാകരന്റെ 30 കലാസൃഷ്ടികളുമായി 'സി.എൻ-30' ചിത്രപ്രദർശനം 26 മുതൽ നവംബർ 6 വരെ ഫോർട്ടുകൊച്ചി ഡേവിഡ് ഹാളിൽ നടക്കും.
1992 ൽ എറണാകുളം എം.ജി റോഡിലുണ്ടായിരുന്ന വുഡ്ലാൻഡ് ജൂവലറി ഹാളിൽ നടന്ന ചിത്രപ്രദർശനത്തിന്റെ മുപ്പതാം വാർഷികാഘോഷം കൂടിയാണിത്. സി.എൻ. കരുണാകരന്റെ കലാജീവിതത്തിലെ ആറാമത്തേതും കൊമേഴ്സ്യൽ പ്രധാന്യമുള്ള ആദ്യത്തേതുമായ ചിത്രപ്രദർശനമായിരുന്നു 1992ൽ ഇ.എം.എസ് ഉദ്ഘാടനം ചെയ്തത്. പ്രൊഫ. എം.കെ.സാനുവും അന്ന് ചടങ്ങിൽ പങ്കെടുത്തു.
കൊച്ചിയിൽ ആർട്ട് ഗാലറികൾ പിറവിയെടുക്കുംമുമ്പേ താത്കാലികമായി സജ്ജീകരിച്ച ഇടത്തിൽ സി.എൻ. കരുണാകരന്റെ ചിത്രപ്രദർശനമൊരുക്കിയ പാലറ്റ് പീപ്പിൾ ട്രസ്റ്റ് ചെയർമാൻ സിറിൾ പി.ജേക്കബാണ് ഇത്തവണയും പ്രദർശനത്തിന് ചുക്കാൻ പിടിക്കുന്നത്. 2002- 13 കാലത്ത് സി.എൻ. കരുണാകരൻ ചെയ്ത ഓയിൽ, ആക്രിലിക് വർക്കുകളാണ് പ്രദർശിപ്പിക്കുന്നത്.
സ്കൂൾ വിദ്യാഭ്യാസ കാലത്ത് സഹപാഠികളുടെ ഇഷ്ടം നേടാൻ ചിത്രം വരച്ചുതുടങ്ങിയ സി.എൻ. കരുണാകരൻ പിന്നീട് ഈ രംഗത്ത് ഏറെ ശ്രദ്ധേയനായ കലാകാരനായിമാറുകയായിരുന്നു. ചിത്രകൂടമെന്ന പേരിൽ കേരളത്തിലെ ആദ്യത്തെ സ്വകാര്യ കലാപ്രദർശനശാല സ്ഥാപിച്ചതും സി.എൻ ആണ്. അമേരിക്കയിലെ ഇന്ത്യൻ എംബസിയിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. 1000 ൽപ്പരം കലാസൃഷ്ടികളുടെ കർത്താവുകൂടിയായ സി.എൻ. 2013 ലാണ് അരങ്ങൊഴിഞ്ഞത്.
26ന് വൈകിട്ട് 5ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി.വി. ചന്ദ്രൻ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യും. സി.എൻ. കരുണാകരന്റെ ജേഷ്ഠസഹോദരൻ സി.എൻ.ഭാസ്കരൻ, ലളിതകലാ അക്കാഡമി മുൻ സെക്രട്ടറി ആർ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുെ. എല്ലാദിവസവും രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ് പ്രദർശനം.