
വൈപ്പിൻ: വൈപ്പിൻ കരയിലെ ലഹരി വിരുദ്ധ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി ദീപജ്വാല തെളിച്ചു. എക്‌സൈസ് ഞാറക്കൽ റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നാടിന്റെ ആരോഗ്യവും സാമൂഹ്യ സുരക്ഷയും ശോഭന ഭാവിയും ലഹരിവിരുദ്ധ യജ്ഞം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലഹരിവിപത്തിൽ പൊതുസമൂഹം എത്രമാത്രം ആശങ്കയിലാണെന്ന് വ്യക്തമാക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനറങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.
ഞാറക്കൽ സെന്റ് മേരീസ് പള്ളിക്ക് സമീപം നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ടി. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. പ്രിവന്റീവ് ഓഫീസർ രതീഷ് കുമാർ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ എം. ഒ. വിനോദ്, രജി ജോസ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രാജു, ഞാറക്കൽ ജി.വി.എച്ച്.എസ്.എസ്. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ടി. എ. ജൂബിയ, പ്രസ് ക്ലബ് പ്രസിഡന്റ് അനിൽ പ്ലാവിയൻസ്, റോട്ടറി പ്രസിഡന്റ് പി. എസ്. മനോജ്, ഫ്രാഗ് പ്രസിഡന്റ് അഡ്വ. വി. പി. സാബു, പി. കെ. മനോജ്, ജനപ്രതിനിധികൾ, സി ഡി എസ് റസിഡന്റ്‌സ് അസോസിയേഷൻ വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ,വിദ്യാർത്ഥികൾ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.